ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന്; ഐസക്കിന് ക്ലീൻ ചിറ്റുമായി സമിതി

By Web TeamFirst Published Jan 20, 2021, 7:45 AM IST
Highlights

നിയമസഭയിൽ ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് അവസാനിക്കും. ചർച്ചകൾക്ക് ധനമന്ത്രി മറുപടി പറയും. കിഫ്ഫിയിലെ സിഎജി റിപ്പോർട്ടിന്മേൽ ഇന്നും സഭയിൽ ഭരണ-പ്രതിപക്ഷപോരിന് സാധ്യതയുണ്ട്.

തിരുവനന്തപുരം: ധനമന്ത്രി  തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിൻ്റെ അവകാശ ലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി ഇന്ന് സ്പീക്കർക്ക് റിപ്പോർട്ട് കൈമാറും. തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോ‍ർട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. സ്പീക്കർ അംഗീകരിച്ച ശേഷം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കും. വോട്ടിംഗ് ഉണ്ടായാലും സർക്കാർ തീരുമാനത്തിനാകും അംഗീകാരം ലഭിക്കുക. 

സിഎജി റിപ്പോർട്ടിൻ്റെ ഉള്ളടക്കം പുറത്ത് വിട്ട പ്രശാന്ത് ഭൂഷണെതിരെ രാജ്യസഭ എത്തിക്സ് കമ്മിറ്റി നടപടി നിർദ്ദേശിച്ചില്ല എന്നതടക്കം നിയമസഭാ സമിതി പരിഗണിച്ചിട്ടുണ്ട്. അതേസമയം സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ മൂന്ന് എംഎൽഎമാരുടെ വിയോജിപ്പോടെയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. സിഎജി റിപ്പോര്‍ട്ട് ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടി പറയുകയാണ് ചെയ്തതെന്നാണ് മന്ത്രി എത്തിക്സ് കമ്മിറ്റി മുൻപാകെ നേരിട്ട് ഹാജരായി നൽകിയ വിശദീകരണം.  

അതേസമയം, നിയമസഭയിൽ ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് അവസാനിക്കും. ചർച്ചകൾക്ക് ധനമന്ത്രി മറുപടി പറയും. കിഫ്ഫിയിലെ സിഎജി റിപ്പോർട്ടിന്മേൽ ഇന്നും സഭയിൽ ഭരണ-പ്രതിപക്ഷപോരിന് സാധ്യതയുണ്ട്.

click me!