
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിൻ്റെ അവകാശ ലംഘന ആക്ഷേപം തള്ളിയ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് നിയമസഭ ശബ്ദവോട്ടോടെ അംഗീകരിച്ചു. സിഎജി റിപ്പോർട്ടിൽ എട്ട് ഖണ്ഡിക കൂട്ടി ചേർത്തെന്ന് ധനമന്ത്രിയുടെ വാദം അംഗീകരിച്ച കമ്മറ്റിയുടെ നടപടി സ്വാഭാവിക നീതിക്ക് എതിരാണെന്ന് പരാതി നൽകിയ വിഡി സതീശൻ ആരോപിച്ചു. എന്നാൽ, സർക്കാരിന് സ്വാഭാവിക നീതി നിഷേധിച്ചതിനെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അസാധാരണ സാഹചര്യത്തിലായിരുന്നു തന്റെ നടപടിയെന്നും ധനമന്ത്രി പറഞ്ഞു.
ഉത്തരവാദിത്തം നിറവേറ്റുന്നതിൽ എത്തിക്സ് കമ്മറ്റി പരാജയപ്പെട്ടുവെന്നും സഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ചരിത്രത്തിൽ ഒരു ധനമന്ത്രിയും സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യമാക്കിയിട്ടില്ല. ധനമന്ത്രിയെ ശാസിക്കണമായിരുന്നു. അതിന് പകരം മന്ത്രിയെ വെള്ളപൂശാനാണ് കമ്മറ്റി ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതേസമയം, റിപ്പോർട്ടിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ആരോപണം നിലനിൽക്കുന്നതല്ലെന്ന് പറയുന്ന കമ്മിറ്റി, ഇത്തരം സാഹചര്യം ആവർത്തിക്കരുതെന്ന് പറയുന്നു. ഇത് പരസ്പര വിരുദ്ധമാണെന്നും വിഡി സതീശൻ വിമര്‍ശിച്ചു.
സിഎജി റിപ്പോർട്ടിൽ എട്ട് ഖണ്ഡിക കൂട്ടി ചേർത്തെന്ന് ധനമന്ത്രിയുടെ വാദം കമ്മിറ്റ് അംഗീകരിച്ചു. സിഎജിയുടെ ഭാഗം കേൾക്കാതെ ഈ നിഗമനത്തിലെത്തിയത് സ്വാഭാവിക നീതിക്ക് എതിരാണെന്നും വിഡി സതീശൻ വിമര്‍ശിച്ചു. എത്തിക്സ് കമ്മറ്റി ചെയർമാനെതിരെയാണ് സതീശൻ്റെ വിമര്‍ശനം. സ്വാഭാവിക നീതിയെന്ന നിയമ വ്യവസ്ഥയുടെ തത്വം ലംഘിക്കപ്പെട്ടു. സിഎജിക്കെതിരായ പരാമർശം നീക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam