കേരളത്തിൽ വിഎസ് വിലക്കിയതെല്ലാം സിപിഎമ്മിൻ്റെ നിലപാടായി മാറിയ കാഴ്ച; ബദൽരേഖ മുതൽ ഡിഐസി സഖ്യം വരെ!

Published : Jul 21, 2025, 06:16 PM ISTUpdated : Jul 21, 2025, 06:23 PM IST
V S Achuthanandan

Synopsis

ബദൽരേഖ മുതൽ ഡിഐസി സഖ്യം വരെ വിഎസ് അച്യുതാനന്ദൻ എതിർത്തതെല്ലാം കേരളത്തിൽ സിപിഎമ്മിൻ്റെ നിലപാടായി മാറി

തിരുവനന്തപുരം: ബദൽ രേഖ മുതൽ ഡിഐസി സഖ്യം വരെ വിഎസ് അച്യൂതാനന്ദൻ വിലക്കിയതൊക്കെ പിന്നീട് പാർട്ടി നിലപാടാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. പാർട്ടിയിലെ ആൾബലത്തെ ആശ്രയിച്ചല്ല തത്വാധിഷ്ഠിത നിലപാടുകളെന്ന് തെളിയിക്കാൻ വിഎസിന് സാധിച്ചു.

ശരീഅത്ത് വിവാദവും സ്ത്രീകളോടുള്ള ഇസ്ലാമിന്റെ സമീപനവും കേരള രാഷ്ട്രീയത്തിൽ പുകഞ്ഞ് നിന്ന അതേ കാലത്താണ് ദീർഘകാല ഭരണമെന്ന ലക്ഷ്യത്തോടെ സിപിഎമ്മിലെ ഒരു വിഭാഗം മുസ്ലിം ലീഗിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്നടക്കം ആവശ്യവുമായി ബദൽ രേഖ അവതരിപ്പിച്ചത്. 1985 ലെ പാർട്ടി സംസ്ഥാനസമ്മേളനത്തോടനബന്ധിച്ചായിരുന്നു ഇത്. പാർട്ടിയുടെ ജനകീയമുഖങ്ങളായ എംവി രാഘവനും ഇകെ നായനാറുമടക്കം ബദൽരേഖയ്ക്കൊപ്പം നിന്നു. വർഗ്ഗീയ സംഘടനാബന്ധം വേണ്ടെന്ന ഇഎംസിന്റെയും പിബിയുടെയും നിലപാട് നടപ്പാക്കാൻ ചരട് വലിച്ചത് വിഎസായിരുന്നു. അന്നത്തെ ചേരിതിരിവ് എംവി രാഘവനെയും മറ്റ് രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും പുറത്താക്കുന്നത് വരെയെത്തി.

അച്യുതാനന്ദൻ ജയിച്ച് കയറിയത് ആശയമാണ് പ്രധാനമെന്ന നിലപാടുയർത്തിപ്പിടിച്ചായിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിലടക്കം മലപ്പുറത്തും മറ്റും സിപിഎം ലീഗുമായി അടവ് സഖ്യമുണ്ടാക്കിയപ്പോഴും അത് സംസ്ഥാനതല സഖ്യമാകാതിരുന്നത് അച്യുതാനന്ദന്റെ കടുംപിടിത്തം കാരണമാണ്. ബദൽരേഖാ കാലത്ത് ഇഎംഎസ് ശരീഅത്ത് വിവാദത്തെയെന്ന പോലെ കാലാകാലങ്ങളിൽ മുസ്ലിം വിഷയങ്ങൾ ആളികത്തിച്ചാണ് അച്യതാനന്ദൻ ലീഗിനെ അകറ്റി നിർത്തിയത്.

പിന്നീട് ബാബ്രി മസ്ജിജ് തകർച്ചയ്ക്ക് ശേഷം ലീഗ് പിളർന്ന് ഐഎൻഎൽ രൂപം കൊണ്ടപ്പോഴും മുന്നണിയിൽ കയറിപ്പറ്റാമെന്ന അവരുടെ നീക്കത്തിന് തടയിട്ടത് അച്യുതാനന്ദനായിരുന്നു. നീക്കുപോക്കുകളിലൂടെ സിപിഎം മലപ്പുറത്തും മറ്റും ചില നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഐഎൻഎല്ലിനെ മുന്നണിയിൽ എടുത്തില്ല. 2006ൽ കരുണാകരൻ കോൺഗ്രസിനെ പിളർത്തി ഡിഐസിയുണ്ടാക്കിയപ്പോഴും തദ്ദേശതെരഞ്ഞെടുപ്പിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ചില നീക്ക് പോക്കുകളുണ്ടായി. പക്ഷെ മുന്നണിപ്രവേശനമോ പരസ്യബന്ധമോ ഉണ്ടായില്ല. കേന്ദ്രനേതൃത്വം അച്യുതാനന്ദൻ ഉയർത്തിയ എതിർപ്പ് കാര്യമായെടുത്തു. വലതു കമ്യൂണിസ്റ്റെന്ന് കുറ്റപ്പെടുത്താറുള്ള സിപിഐയെ ഒപ്പം നിർത്തിയാണ് അച്യുതാനന്ദൻ ഡിഐസിയെ അപ്രസക്തമാക്കിയത്. ഒടുവിൽ എൻസിപിയിൽ ഡിഐസി ലയിച്ചപ്പോൾ അവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണിയിൽ നിന്ന് മാറ്റി നിർത്തി.

ഓരോ ഘട്ടത്തിലും വിഎസിനൊപ്പമുണ്ടായിരുന്നവർ മാറി. പക്ഷെ വിഎസ് നിലപാടുകൾ മുന്നോട്ട് വെച്ച് പാർട്ടിയുടെ അജണ്ട നിശ്ചയിച്ചു. ഇത്തരം നിലപാടുകൾ നടപ്പിലാക്കൻ തക്ക ആൾബലം വിഎസിന് ഒരു കാലത്തും പാർട്ടിയിലുണ്ടായിരുന്നില്ല. പക്ഷെ നിലപാടുകൾക്കൊപ്പം നിൽക്കാൻ നേതാക്കൾ മാറി മാറി വന്നു. വിഎസ് ഒരിക്കലും മാറിയില്ല.അത് കൊണ്ടാകാം അണികളദ്ദേഹത്തെ ശരിപക്ഷമെന്ന് വിളിച്ചത്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം