
കൊച്ചി: ദിലീപിനെതിരെയുള്ള വധ ഗൂഢാലോചന കേസിൽ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ട്മെന്റിൽ തെളിവെടുപ്പ്. ദിലീപ് അടക്കമുള്ള പ്രതികൾ ഇവിടുത്തെ ഫ്ളാറ്റിൽ വെച്ചും ഗൂഢാലോചന നടത്തിയെന്ന മൊഴിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘമെത്തി തെളിവെടുപ്പ് നടത്തിയത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം ഒരുമാസത്തിനം തീര്‍ക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം തള്ളിക്കൊണ്ടാണ് തീരുമാനം. അടുത്ത മാർച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.
തുടരന്വേഷണം നടക്കുന്നതിനാല്‍ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ഈ മാസം 16 ആണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി. എന്നാല്‍ വിചാരണ കാലയളവ് നീട്ടണമോ എന്ന ആവശ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഈ ആവശ്യം തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം ഒന്നിന് സമർപ്പിക്കാൻ ഉത്തരവിട്ട സാഹചര്യത്തില്‍ വിചാരണ കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് വിചാരണ കോടതി താമസിയാതെ സുപ്രീംകോടതിയെ സമീപിക്കും.