വെഞ്ഞാറമ്മൂട് ഇരട്ടക്കൊല: മുഖ്യപ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

By Web TeamFirst Published Sep 13, 2020, 7:37 AM IST
Highlights

കൃത്യത്തിൽ നേരിട്ട് പങ്കാളികളായ സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുലർച്ചെ 2 മണിയ്ക്കായിരുന്നു തെളിവെടുപ്പ്.

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ കൊല നടത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുലർച്ചെ 2 മണിയ്ക്കായിരുന്നു തെളിവെടുപ്പ്. പ്രതികൾ കൃത്യം നടത്തിയ രീതികൾ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കൃത്യത്തിൽ നേരിട്ട് പങ്കാളിയാകാത്ത പ്രതികളെ ഇന്നലെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. അൻസാർ, നജീബ്, അജിത് എന്നീ പ്രതികളെയാണ് ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബർ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോൾ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും എത്തിച്ച് തെളിവെടുത്തത്. 

ഉത്രാടദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കോൺഗ്രസ്-സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്ഐ പ്രവ‍ത്തകരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകരാണ് കേസിലെ പ്രതികൾ.  

 

click me!