കളിയിക്കാവിള കൊലപാതകം; ക്യു ബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി

By Web TeamFirst Published Jan 23, 2020, 7:03 AM IST
Highlights

 കൊലപാതകം നടത്തിയ കളിയിക്കവിള ചെക്ക്പോസ്റ്റിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച തോക്ക് കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ കൊലപ്പെടുത്തിയ പ്രതികളുമായി തമിഴ്‌നാട്, ക്യു ബ്രാഞ്ചിന്‍റെ തെളിവെടുപ്പ് തുടങ്ങി. ഇന്നലെ രാത്രിയിലാണ് പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. എന്നാൽ തെളിവെടുപ്പ് നടത്താൻ എത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്ന് റൂറൽ പൊലിസ് പറഞ്ഞു.

കൊലപാതകം നടത്തിയ കളിയിക്കവിള ചെക്ക്പോസ്റ്റിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. ഷെമീം, തൗഫിക്ക് എന്നിവരെ 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അതേസമസം, കളിയിക്കാവിളിയിലെ എഎസ്ഐ വില്‍സന്‍റെ കൊലപാതക കേസ്  ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും.

കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. പ്രതികളുടെ അന്തര്‍സംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്താണ് സര്‍ക്കാര്‍ ശുപാര്‍ശ. ഇതുവരെ പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്‍നാട് നാഷണല്‍ ലീഗിന്‍റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്  ആക്രമണത്തിന് പദ്ധതിയിട്ടതിന്‍റെയും മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ആസൂത്രണം നടത്തിയതിന്‍റെയും തെളിവുകള്‍ തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു . പ്രതികളില്‍  രണ്ട് പേര്‍ ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം നടത്തിയതിന്‍റെ രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍ഐഎക്ക് കൈമാറാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ.

click me!