കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി രംഗത്ത്. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ, ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവും ചോദിച്ചു
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്ന് എൽ ഡി എഫും യു ഡി എഫും. കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് കോറിഡോര്‍ ധാതുഖനനത്തിൽ സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നീക്കമെന്ന് വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം എല്ലാം കിട്ടിയിട്ടും കേരളത്തെ മാത്രം അവഗണിച്ചു. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നെന്ന വിമർശനവും പിണറായി ഉന്നയിച്ചു. കേരളത്തോടുള്ള അവഗണനയിൽ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. കേരളത്തിലെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നടത്തിയത് ഗീർവാണ പ്രസംഗം മാത്രമാണെന്ന് പറഞ്ഞ സതീശൻ, ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്നും ചോദിച്ചു.
കേരളത്തിലെ നേതാക്കളുടെ രൂക്ഷ വിമർശനം
കേന്ദ്ര ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെയെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പ്രതികരിച്ചത്. ബജറ്റിൽ കേരളത്തിന് അവഗണന മാത്രമാണെന്നും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. വലിയ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്താണ് മോദി സർക്കാരിന്‍റെ യഥാർത്ഥ സ്വഭാവം എന്ന് വ്യക്തമാക്കുന്നതാണ് ബജറ്റെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. കേന്ദ്രബഡ്ജറ്റ് സമ്മാനിക്കുന്നത് സമ്പൂര്‍ണ്ണ നിരാശയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മോദിയുടെ വികസിത ഭാരതത്തില്‍ കേരളമില്ലേ എന്ന ചോദ്യവും ചെന്നിത്തല ഉയർത്തി. അതേസമയം കേന്ദ്രം നൽകിയ പദ്ധതികളൊന്നും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.


