
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട്ട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ഹർജിക്കാരനായ പ്രശാന്ത് ഭൂഷൻ, വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ആക്ഷേപങ്ങൾ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി നിർദ്ദേശിക്കുകയായിരുന്നു. നാല് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തുവെന്നാണ് ഹർജിക്കാരൻ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് കാസർകോട്ട് യുഡിഎഫും എൽഡിഎഫും ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടുമുണ്ട്.
കാസർകോട് മോക് പോളിലെ പരാതി
കാസർകോട് കഴിഞ്ഞ ദിവസം നടത്തിയ മോക് പോൾ പരിശോധനയിലാണ് നാല് വിവിപാറ്റ് പ്രിൻ്റിൽ അധിക വോട്ടെന്ന പരാതി ഉയർന്നത്. മൊഗ്രാൽ പുത്തുർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലാണ് പരാതി ഉയർന്നത്. ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് രേഖപ്പെടുത്തിയപ്പോൾ വിവിപാറ്റ് പ്രിൻ്റിൽ കാണിച്ചത് രണ്ടെണ്ണമാണ്. എണ്ണാനുള്ളതല്ല എന്ന് ഈ അധിക വിവിപാറ്റ് പ്രിൻ്റിൽ രേഖപ്പെടുത്തിയിരുന്നു. കൺട്രോൾ യൂണിറ്റിൽ കണക്ക് കൃത്യമാണെങ്കിലും വിവിപാറ്റ് എണ്ണേണ്ടി വരുമ്പോൾ വോട്ട് തങ്ങളുടേതാണെന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാചര്യം ഉണ്ടാകുമെന്നാണ് പരാതിക്കാരുടെ വാദം. വിഷയം ഇന്നലെ സുപ്രീം കോടതിയിലും പരാമർശിക്കപ്പെട്ടു.
ഇലക്ഷൻ കമ്മീഷൻ വിശദീകരണം
കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച റിപ്പോർട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയിൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ ജില്ലാ കളക്ടറും റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിശദമായ റിപ്പോർട്ട് നൽകാമെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. കാസർകോട് ബിജെപിക്ക് മോക് പോളിൽ പോൾ ചെയ്യാത്തതിന് വോട്ട് ലഭിച്ച വിവരം മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വിശദീകരിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam