ലതികാ സുഭാഷ് എൻസിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്, മികച്ച സ്ഥാനം ലഭിക്കുമെന്ന് സൂചന

By Web TeamFirst Published May 25, 2021, 7:55 AM IST
Highlights

എൻസിപിയിലെ മികച്ച സ്ഥാനത്തേക്ക് ലതികാ സുഭാഷിനെ പരിഗണിക്കുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും. 

തിരുവനന്തപുരം: എൻസിപിയില്‍ ചേരുമെന്ന ലതിക സുഭാഷിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച വാർത്ത സമ്മേളനത്തിലൂടെയാകും തീരുമാനം അറിയിക്കുക. എൻസിപിയിൽ ലതിക സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന.

എഷ്യാനെറ്റ് ന്യൂസിനോടാണ് താൻ എൻസിപിയിലേക്കാണെന്ന സൂചന ലതികാ സുഭാഷ് ആദ്യമായി നൽകിയത്. വരും ദിവസങ്ങളിൽ ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് ലതിക സുഭാഷ് ഔദ്യോഗിക പ്രഖ്യാപനത്തിനൊരുങ്ങുന്നത്. എൻസിപിയിലെ മികച്ച സ്ഥാനത്തേക്ക് ലതികാ സുഭാഷിനെ പരിഗണിക്കുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാർട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും. എൻസിപിയ്ക്ക് ഇടത് മുന്നണിയിൽ ലഭിക്കുന്ന ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. എന്നാൽ ഇതിനോട് ലതികാ സുഭാഷ് പ്രതികരിച്ചിട്ടില്ല. 

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വാതന്ത്രയായി മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയിലും നിർണായക പങ്ക് വഹിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും സ്വാതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഒരു പാർട്ടിയുടെ തണലിലേക്ക് മാറാൻ ലതികാ സുഭാഷ് തീരുമാനിച്ചത്. കോണ്‍ഗ്രസിൽ അതൃപ്തരായ പരമാവധി നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാനുളള എൻസിപിയുടെ ശ്രമത്തിന്‍റെ തുടക്കമായാണ് ലതികാ സുഭാഷിന്‍റെ എൻസിപി പ്രവേശം രാഷ്ട്രീയ കേരളം കാണുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!