കോടികളുടെ മണൽ കടത്ത്: മുൻ സിഡ്‍കോ എംഡി സജി ബഷീറിന് കുരുക്ക്, പ്രോസിക്യൂട്ട് ചെയ്യും

By Web TeamFirst Published Apr 28, 2019, 10:15 AM IST
Highlights

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ ലഭിച്ച സിഡ്‍കോ, അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെ നിന്നും കടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. 

തിരുവനന്തപുരം: കോടികളുടെ മണൽ കടത്ത് കേസിൽ മുൻ സിഡ്‍കോ എംഡി സജി ബഷീറിന് കുരുക്ക്. സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. വിജിലൻസ് റിപ്പോർട്ട് നൽകി ആറുമാസം കഴിഞ്ഞിട്ടും അനുമതി വൈകുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സിഡ്‍കോ ഡെപ്യൂട്ടി മാനേജർ അജിതിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. 

സർക്കാർ ഭൂമിയിൽ നിന്നും കരാറുകാരുമായി ഒത്തു കളിച്ച് അനുവദിച്ചതിലും കൂടുതൽ മണൽ കടത്തിയെന്നാണ് കേസ്. സജി ബഷീർ ഉള്‍പ്പെടെ 6 പേരാണ് കേസിലെ പ്രതികള്‍.

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ ലഭിച്ച സിഡ്‍കോ, അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. 11,31,00,000 രൂപയുടെ ക്രമക്കേടിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്‍കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടി വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു. 

ഉപകരാറുകാരുമായി ഒത്തുകളിച്ച് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം സെപ്തംബർ 24-ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‍പി അബ്ദുള്‍ റഷീദ് ഡയറക്ടർക്ക് നൽകി. അടുത്ത മാസം ഡയറക്ടറുടെ ശുപാർശ സർക്കാരിന് കൈമാറി. ആറു മാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയില്ല.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്‍ജർ വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്ന സാമ്പത്തിക പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ മുൻകൂർ അനുമതി വാങ്ങിയ സർക്കാർ കോടികളുടെ അഴിമതിക്കേസിലെ പ്രതിക്കുവേണ്ടി ഒളിച്ചു കളി നടത്തിയെന്ന് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തതാണ്. 

2012-ൽ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഏപ്രിലിലാണ്. 15 വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീർ. വർഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അന്വേഷണങ്ങളിൽ ഇതുരെ തീരുമാനമായിട്ടില്ല. സസ്പെന്‍റ് ചെയ്യപ്പെട്ടിരുന്ന സജി ബഷീറിനെ വീണ്ടും കെൽപാം എംഡി സ്ഥാനത്ത് സർക്കാർ നിയോഗിച്ചത് ഏറെ വിവാദം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പുറത്താക്കുകയായിരുന്നു.

click me!