പരീക്ഷാ ക്രമക്കേട്; കേസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്

By Web TeamFirst Published May 31, 2019, 11:48 AM IST
Highlights

പ്രതികൾ സംസ്ഥാനം വിട്ടെന്നും കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതിയില്ല.
 

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളായ അധ്യാപകരെ പിടികൂടാനായില്ല.

വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതിയിൽ മേയ് 13 നാണ് പ്രതികളായ മൂന്ന് അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി മുക്കം പൊലീസ് കേസെടുത്തത്. താമരശ്ശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ മുക്കം സിഐയാണ് കേസ് അന്വേഷിക്കുന്നത്. 

പ്രതികൾ സംസ്ഥാനം വിട്ടെന്നും കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുത്തളിൽ നിന്നോ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതിയില്ല.

പ്രതികളായ പ്രിൻസിപ്പൽ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പി കെ ഫൈസൽ എന്നിവരുടെ മുൻജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു.

വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ നീലേശ്വരം സ്കൂളിൽ വ്യാപക ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയിരുന്നു. സമഗ്ര അന്വേഷണം വേണമെന്ന ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ടിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികളെ ഉടൻ പിടികൂടണമെന്ന് മുസ്ലീം ലീഗും കോൺഗ്രസും ആവശ്യപ്പെട്ടു. 

click me!