
തിരുവനന്തപുരം: അവശ്യസർവ്വീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പൊലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കി. ഇവരൊക്കെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു പോകുമ്പോൾ തങ്ങളുടെ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയെന്നും പൊലീസ് അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ,നഴ്‌സുമാർ, മറ്റ് ജീവനക്കാർ, ആംബുലൻസ് സർവ്വീസ് ജിവനക്കാർ തുടങ്ങിയവരെ പൊലീസ് പാസ്സിൽ നിന്ന് പുതിയതായി ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ ലാബ് ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, മൊബൈൽ ടവർ ടെക്‌നീഷ്യന്മാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ എന്നിവരെയും ഒഴിവാക്കി. ഇതിനു പുറമേ യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ, സ്വകാര്യ സുരക്ഷാ ജീവനക്കാർ, പാചകവാതക വിതരണക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ എന്നിവരെയും പാസ്സിൽ നിന്ന് ഒഴിവാക്കിയതായി പൊലീസ് അറിയിച്ചു.
ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് കോഴിക്കോട്ട് ഇന്ന് രാവിലെ പത്തു മണി വരെ പൊലീസ് പിടിച്ചെടുത്തത് 113 വാഹനങ്ങളാണ്. പൊലീസ് നിർദ്ദേശം ലംഘിച്ച് തിരുവനന്തപുരത്ത് നിരവധി സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ കേസെടുത്ത് നടപടി ശക്തമാക്കാൻ പൊലീസ് കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നിൽ കൂുതൽ തവണ പൊലീസ് നിർദ്ദേശം ലംഘിച്ചാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും.
കൊച്ചിയിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഈ വാഹനങ്ങൾ 21 ദിവസത്തേക്ക് വിട്ടുനല്കില്ലെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam