50 ലക്ഷത്തിന്‍റെ കള്ളപ്പണം എക്സൈസ് വകുപ്പ് പിടികൂടി; ബാങ്കിലെത്തിച്ച് എണ്ണിയപ്പോള്‍ 10 ലക്ഷം കാണാനില്ല!

Published : Oct 12, 2022, 10:38 AM ISTUpdated : Oct 12, 2022, 10:39 AM IST
50 ലക്ഷത്തിന്‍റെ കള്ളപ്പണം എക്സൈസ് വകുപ്പ് പിടികൂടി; ബാങ്കിലെത്തിച്ച് എണ്ണിയപ്പോള്‍ 10 ലക്ഷം കാണാനില്ല!

Synopsis

പണം മാനന്തവാടിയിലെ ബാങ്കിലെത്തിച്ച് എണ്ണിയപ്പോൾ 50 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി


വയനാട് : തോൽപ്പെട്ടി ചെക്പോസ്റ്റിൽ നിന്ന് എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ അപ്രത്യക്ഷമായതായി പരാതി. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണം ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചും എക്സൈസും അന്വേഷണം തുടങ്ങി. ഈ മാസം 8 ന് രാവിലെ തോൽപെട്ടി ചെക്പോസ്റ്റില്‍ വച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ മധുര സ്വദേശിയിൽ നിന്ന് കണക്കിൽപ്പെടാത്ത അരക്കോടി രൂപ പിടിച്ചെടുത്തത്.

8 -ാം തിയതി രാവിലെ 5 മണിക്ക് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ  മാനന്തവാടി എക്സൈസ് സ൪ക്കിൾ പാർട്ടിയു൦ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയു൦ ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോകുന്ന കോൺട്രാക്ട് കാരിയേജ് ബസിലെ യാത്രക്കാരനായ തമിഴ്വാട് മധുര സ്വദേശി വിജയ്ഭാരതി (40) യില്‍ നിന്നു൦ മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വെച്ച അരക്കോടി രൂപയുടെ കുഴൽപ്പണ൦ പിടിച്ചെടുത്തത്. 

50,000 രൂപ വീതമുള്ള 100 കെട്ടുകളായി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർ പണം എണ്ണി തിട്ടപ്പെടുത്തി മഹസർ തയാറാക്കി. പിന്നീട് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പണമടങ്ങിയ ബാഗ് എക്സൈസിന്‍റെ കസ്റ്റഡിയിൽ തന്നെ വിട്ടു നല്‍കി. തുടര്‍ന്ന് പിടിച്ചെടുത്ത പണത്തില്‍ കള്ളനോട്ട് ഉണ്ടോയെന്നറിയാൻ പണം മാനന്തവാടിയിലെ ബാങ്കിലെത്തിച്ച് എണ്ണിയപ്പോൾ 50 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. കള്ളപണം പിടിച്ചെടുത്ത ദിവസം ബാങ്ക് അവധിയായിരുന്നതിനാലാണ് മറ്റൊരു ദിവസം പണമടങ്ങിയ ബാഗ് ബാങ്കില്‍ എത്തിച്ചത്. 

നോട്ടുകെട്ടുകൾ എണ്ണിയതിൽ വന്ന ശ്രദ്ധകുറവാണ് ഇത്തരമൊരു അബദ്ധത്തിന് പിന്നിലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. 40 ലക്ഷം രൂപയെ ബാഗിൽ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതി സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ എക്സൈസ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. 

അന്നത്തെ പരിശോധനക്ക് മാനന്തവാടി എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനാണ് നേതൃത്വം നൽകിയത്. പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർന്മാരായ ജിനോഷ് പി ആർ, ലത്തീഫ് കെ എ൦, സിവിൽ എക്സൈസ് ഓഫീസർന്മാരായ എ. ദിപു, അർജുൻ എ൦, സാലി൦. ഇ, വിപിൻ കുമാർ പി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രവീജ ജെ. വി എന്നിവരാണ് പങ്കെടുത്തിരുന്നത്. 

ഇതിന് മുമ്പും മുത്തങ്ങ ചെക്ക്പോസ്റ്റിലും സമാനമായ പരാതി ഉയർന്നിരുന്നു. മാർച്ച് 13 ന് യാത്രക്കാരനിൽ നിന്ന് പിടികൂടിയ 9 ലക്ഷം രൂപ നടപടി ക്രമങ്ങൾ പാലിക്കാതെ സൂക്ഷിച്ച സംഭവത്തിൽ 3 എക്സൈസ് ഉദ്യോഗസ്ഥരെ അന്ന് സ്ഥലം മാറ്റിയിരുന്നു. മുത്തങ്ങ ചെക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന പ്രിവന്‍റീവ് എക്സൈസ് ഓഫീസ‌ർ പി.എ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ. മൻസൂർ അലി, എം.സി. സനൂപ് എന്നിവർക്കെതിരെയാണ് അന്ന് നടപടിയുണ്ടായത്. 

13 ന് പുലർച്ചെ 4.30 ഓടെയാണ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ ബസ് യാത്രക്കാരനായ ഗുണ്ടൽപേട്ട സ്വദേശിയിൽ നിന്നാണ് 9 ലക്ഷം രൂപ കണ്ടെടുത്തത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഈ പണം വാങ്ങിവെക്കുകയും രേഖകൾ ഹാജരാക്കിയാൽ തിരികെ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ യാത്രക്കാരൻ രേഖകളുമായി എക്സൈസ് ഓഫീസിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പണം വാങ്ങിവെച്ച വിവരം മേലുദ്യോഗസ്ഥർ അറിയുന്നത്. പിന്നീട് എക്സൈസ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരെക്കൊണ്ട് പണം എണ്ണിത്തിട്ടപ്പെടുത്തി യാത്രക്കാരന് തിരിച്ചു നൽകുകയായിരുന്നു. 

ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ നടപടി ക്രമങ്ങൾ പാലിക്കാതെയും മേലധികാരികളെ വിവരമറിയിക്കാത്തതും ഗുരുതര അച്ചടക്ക ലംഘനമായി കണ്ടാണ് അന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലംമാറ്റ നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി എക്സൈസ് വകുപ്പിന്‍റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്ഥലംമാറ്റപ്പെട്ടവരിൽ ഒരാൾക്ക് നേരെ മുമ്പും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. സസ്പെൻഷന് പകരം സ്ഥലംമാറ്റത്തിലൊതുങ്ങിയത് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ബന്ധമാണെന്നും എക്സൈസിനുള്ളിൽ തന്നെ അന്ന് പരാതിയുയര്‍ന്നിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ