'ജവാൻ' നിലച്ചതിന് പിന്നിൽ അട്ടിമറിയോ, മറ്റ് മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടായോ? അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം

Published : Jun 26, 2026, 12:03 PM IST
M Liju on Jawan Rum

Synopsis

ജവാൻ മദ്യ ഉൽപാദനം നിലച്ച വിവാദത്തിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ച് എക്‌സൈസ് മന്ത്രി എം ലിജു. അട്ടിമറി സാധ്യത അടക്കം അന്വേഷിക്കുന്നുവെന്ന് എം ലിജു അറിയിച്ചു. പാക്കിങ് വസ്തുക്കളുടെ ദൗർലഭ്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതെന്നും മന്ത്രി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യ ഉൽപാദനം നിലച്ചതിൽ അട്ടിമറി സാധ്യത അടക്കം അന്വേഷിക്കുന്നുവെന്ന് എക്സൈസ് മന്ത്രി എം ലിജു. ജവാൻ ഉൽപാദനം നടക്കാത്തതിനെ തുടർന്ന് മറ്റ് മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടായോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായി മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ച ഉണ്ടായെന്നും നികുതി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻ്റ് കെമിക്കൽസിൽ രണ്ടാഴ്ചയോളം സർക്കാർ മദ്യമായ ജവാൻ റമ്മിൻ്റെ ഉൽപാദനം നിലച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. പാക്കിങ് വസ്തുക്കളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഉൽപാദനം നിർത്തിവെച്ചത്. ഒരു ദിവസം പന്ത്രണ്ടായിരത്തോളം കുപ്പിയുടെ ഉൽപാദമാണ് നിലച്ചിരുന്നത്. ഉൽപാദനം നിലച്ചുവെന്നത് യാഥാർത്ഥ്യമാണെന്നും വിവരം ലഭിച്ചയുടൻ യോഗം വിളിച്ചുചേർത്ത് വിഷയം വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

750 മില്ലി ബോട്ടിലിൻ്റെ ദൗർലഭ്യതയ്ക്ക് കാരണം ടെൻഡർ കാലാവധി കഴിഞ്ഞതാണ്. ഇപ്പോൾ ടെൻഡർ നടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിൽ തന്നെ 750 മില്ലി ബോട്ടിൽ ലഭ്യത ഉറപ്പുവരുത്തും. 1000 മില്ലി ബോട്ടിലിൻ്റെ ക്ഷാമം പരിഹരിച്ചു. സ്റ്റിക്കറും കാർട്ടണും എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ഇന്നലെ ഉൽപാദനം പുനരാരംഭിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ജവാൻ ഉൽപാദനം നിർത്തിവെച്ചതിനെ തുടർന്ന് സർക്കാരിന് വരുമാന നഷ്ടം ഉണ്ടായോയെന്ന് പരിശോധിക്കാനായി ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ട്രാവൻകൂർ ഷുഗേഴ്സ് ആൻ്റ് കെമിക്കൽസിൻ്റെ പ്രവർത്തനം ഫലപ്രദമായി നടപ്പിലാക്കി ഖജനാവിലെ നഷ്ടം പരിഹരിക്കാനുള്ള നടപടികളും ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതിനിടെ, ജവാൻ്റെ ഉൽപാദനം പുനരാരംഭിച്ചു. മദ്യ ഉൽപാദനം മുടങ്ങിയതിൽ ട്രാവൻകൂ‍ർ ഷുഗ‍ർ മില്ലിലെ അധികൃതരും ബെവ്കോ സിഎംഡിയുമായി തർക്കം നിലനിന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി; 'വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു'
മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും, 'സീറ്റ് ക്ഷാമം ഉണ്ടാകും'; വിദ്യഭ്യാസ മന്ത്രി