സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കുമെന്ന് സൂചന

By Web TeamFirst Published Jan 17, 2021, 5:02 PM IST
Highlights

അസംസ്കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണമെന്നും നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യവില വർധനയ്ക്ക് പിന്നിൽ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി പറഞ്ഞു. നികുതിയിളവ് നിര്‍ദ്ദേശം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥനങ്ങളേക്കാള്‍ ഉയര്‍ന്ന മദ്യനികുതി കേളത്തിലാണ്. അസംസ്കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മദ്യവില വര്‍ധനയില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. നിലവില്‍ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ധനയാണ് അനുവദിച്ചത്. ബിയറിനും വൈനും വില കൂടില്ല. മദ്യ ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റിന്‍റെ വില വര്‍ധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. പോയവര്‍ഷം കമ്പനികള്‍ പുതിയ ടെണ്ടര്‍ സമര്‍പ്പിച്ചെങ്കിലും കൊവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.

നിലവില്‍ ബെവ്കോയുമായി കരാറുള്ള കമ്പനികളുടെ ഈ വര്‍ഷത്തേക്കുള്ള വിതരണ കരാറില്‍ പരമാവധി 7 ശതമാനം വര്‍ധനയാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്. ബിയറിനും വൈനിനും വില വര്‍ധനയില്ല. പോയവര്‍ഷത്തെ നിരക്കില്‍ തന്നെ ബെവ്കോയ്ക്ക് വിതരണം ചെയ്യണം. നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്ട്രോങ്ങ്, പ്രീമിയം, ഡിലക്സ് എന്ന് പേര് ചെര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല എന്നായിരുന്നു തീരുമാനം. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവില്‍ വരും.
 

click me!