ഓൺലൈൻ മദ്യവിൽപന ഇപ്പോഴില്ല, പിന്നെ തീരുമാനിക്കാം: എക്സൈസ് മന്ത്രി

By Web TeamFirst Published Mar 26, 2020, 11:57 AM IST
Highlights

വ്യാജമദ്യം ഒഴുകാതിരിക്കാൻ മദ്യം ഓൺലൈൻ വഴി വിൽക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുമെന്ന് റിപ്പോർ‍ട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അനധികൃത മദ്യവിൽപന തടയാൻ നടപടി കർശനമാക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഓൺ ലൈൻ മദ്യവിൽപന ആലോചിച്ചിട്ടില്ലെന്നും ലോക്ക് ഡൗൺ കഴിയും വരെ ഇതേ സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്നാണ് തീരുമാനം. 

കള്ള് ഷാപ്പുകളും തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും തീരുമാനിച്ചതോടെ സംസ്ഥാനം പരോക്ഷമായിട്ടെങ്കിലും സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ വ്യാജമദ്യം ഒഴുകാതിരിക്കാൻ മദ്യം ഓൺലൈൻ വഴി വിൽക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുമെന്ന് റിപ്പോർ‍ട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്. 

കൊവിഡ് നിയന്ത്രണത്തിനിടെ ബാർ കൗണ്ടറുകൾ തുറക്കാൻ സർക്കാർ ആദ്യം ആലോചിച്ചിരുന്നു. ബാറുകളിൽ ആളുകൾ കൂട്ടം കൂടിയിരുന്ന് കുടിയ്ക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബാറുകളെല്ലാം അടയ്ക്കാൻ ഞായറാഴ്ച തന്നെ സർക്കാർ തീരുമാനിച്ചിരുന്നതാണ്. ഇതിന് പകരം ബാറുകളിൽ മദ്യ കൗണ്ടറുകൾ തുറക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു സംസ്ഥാന സർക്കാർ.

ബെവ്കോ പൂട്ടി, കള്ളുഷാപ്പുകളുമില്ല, മദ്യം ഓൺലൈനിൽ വിൽക്കുന്നത് പരിഗണിക്കുന്നു

click me!