
കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവാവിന്റെ കാലിന്റെ അടിയിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ മുഹമ്മദ് സുഹൈൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശുപത്രിയിലെത്തിച്ച അബൂബക്കർ സിദ്ദിഖിനെ പരിശോധിച്ചത് ഡോ. മുഹമ്മദ് സുഹൈൽ ആയിരുന്നു.നിതംബത്തിലും അടിയേറ്റ പാടുകൾ ഉണ്ട്. ആശുപത്രിയിൽ എത്തിക്കുന്നതിന് ചുരുങ്ങിയത് അര മണിക്കൂർ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം, കൊലപാതകത്തിന് പിന്നിൽ പത്തംഗ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൈവളിഗയിലെ സംഘമാണ് സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് തിരിച്ചറിഞ്ഞു. കേസിൽ ഇതുവരെ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നൽകിയത് മൂന്നംഗ സംഘമാണെന്നും പൊലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. റയീസ്, നൂർഷ, ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കാസർകോഡ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം; 3പേരെ തിരിച്ചറിഞ്ഞു
അവശനിലയിലായ സിദ്ദിഖിനെ കഴിഞ്ഞ ദിവസം രാത്രിയോടെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് സിദിഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ച് സിദിഖിനെ വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അൻവർ, അൻസാർ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam