പ്രവാസികൾക്ക് ഇന്ന് നാടിന്‍റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ട്, ലോക കേരള സഭ വലിയ വിജയമെന്ന് സ്പീക്കർ എ എൻ ഷംസീർ

Published : Jan 30, 2026, 08:56 PM IST
loka kerala sabha

Synopsis

അഞ്ചാം ലോക കേരള സഭയ്ക്ക് തുടക്കമായി. പ്രവാസികൾക്ക് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നും നവകേരള നിർമ്മിതിക്കായി അവരുടെ അറിവും കഴിവും പ്രയോജനപ്പെടുത്തുമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. 

തിരുവനന്തപുരം: ഭൗതികമായി നാട്ടിലില്ലാത്തതിനാൽ ഭരണകൂടത്തിന്‍റെ പരിഗണനകളിൽ നിന്ന് മുൻപ് പുറത്തായിപ്പോയ പ്രവാസികൾക്ക് ഇന്ന് നാടിന്‍റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നു സ്പീക്കർ എ എൻ ഷംസീർ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ. പ്രവാസികളെ നമ്മുടെ ജനാധിപത്യത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ ലോക കേരള സഭ വലിയ വിജയമാണെന്നും കേരളത്തിന്‍റെ ഈ മാതൃക പിന്തുടരാൻ കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നത് അഭിമാനകരമാണെന്നും സ്പീക്കർ പറഞ്ഞു. 'കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു' എന്ന വാചകം അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന രീതിയിലാണ് സഭയുടെ പ്രവർത്തനങ്ങൾ.

പുനരധിവാസത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രവാസികളുമായി ബന്ധപ്പെട്ട ഭരണനിർവഹണ സംവിധാനത്തെ വിദേശത്ത് താമസിക്കുന്ന മലയാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലയിലേക്ക് വിപുലീകരിക്കാൻ കേരളത്തിന് സാധിച്ചു. 351 അംഗങ്ങളുള്ള ഈ സഭയിൽ ഗാർഹിക തൊഴിലാളികൾ, മതിയായ രേഖകളില്ലാത്തവർ, തിരിച്ചുവരവിൽ പ്രയാസം നേരിടുന്നവർ തുടങ്ങി അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്‍ദം ഉൾപ്പെടെ കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

വ്യവസായം, സ്റ്റാർട്ടപ്പുകൾ, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവാസി നിക്ഷേപവും പങ്കാളിത്തവും വർദ്ധിപ്പിക്കാൻ ലോക കേരള സഭ നിമിത്തമാകും. ഭാഷയും സാഹിത്യവും ഉൾപ്പെടെയുള്ള മേഖലകളിലും പ്രവാസികളുടെ സംഭാവനകൾ വളർത്തിയെടുക്കാൻ സാധിക്കും. പ്രവാസികളുടെ അറിവും കഴിവും നവകേരള നിർമ്മിതിക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മാറുന്ന പ്രവാസ ഭൂമികയ്ക്ക് അനുസൃതമായി ഭരണനിർവഹണ സംവിധാനങ്ങൾ പരിഷ്‌കരിക്കണമെന്നും അഞ്ചാം ലോക കേരള സഭയിൽ നിന്നുണ്ടാകുന്ന ക്രിയേറ്റീവ് ആയ ആശയങ്ങൾ കേരളത്തിന്‍റെ കുതിപ്പിന് വേഗത കൂട്ടുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

'ലോകരാജ്യങ്ങൾക്കിടയിൽ കേരളത്തിന്‍റെ ഒരു പാലം'

ലോക കേരള സഭ ലോകരാജ്യങ്ങൾക്കിടയിൽ കേരളത്തിന്‍റെ ഒരു പാലമായി മാറിയെന്ന് സമ്മേളനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസികൾ വെറും കാഴ്ചക്കാരല്ല, മറിച്ച് തുല്യ പങ്കാളികളാണെന്ന ബോധ്യം ഈ സഭയിലൂടെ കൈവന്നു. നാടിന്റെ വികസനത്തോടൊപ്പം ചേർന്നുനിൽക്കാനുള്ള പ്രവാസികളുടെ സന്നദ്ധത ഗവൺമെന്റിന് വലിയ ഊർജ്ജമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ കോൺകളിലിരുന്നും കേരളത്തിലെ സ്വന്തം മണ്ണുമായി ബന്ധപ്പെട്ട റവന്യൂ ഇടപാടുകൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ സാധിക്കുന്ന വിധത്തിൽ കേരളത്തിൽ വിവര-സാങ്കേതിക വിദ്യയുടെ തേരിലേറികൊണ്ടുള്ള വികസന മുന്നേറ്റം നടക്കുകയാണെന്ന് സമ്മേളനത്തിൽ റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ഭൂമി ഇടപാടുകളിലെ ഏജന്റ്മാരുടെ ഇടപെടൽ ഒഴിവാക്കണമെന്ന രണ്ടാം ലോക കേരള സഭയിലെ പ്രവാസികളുടെ ആവശ്യം മൂന്നാം സഭയിൽ പോർട്ടലായി യാഥാർത്ഥ്യമായെന്നും, അഞ്ചാമത് ലോക കേരള സഭയിലേക്കു എത്തുമ്പോൾ പത്തു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അവിടെ ഇരുന്നു തന്നെ റവന്യുവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിർവഹിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുന്നു.

റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള 'ഇന്റഗ്രേറ്റഡ് ലാൻഡ് മോണിറ്ററിംഗ് സിസ്റ്റം' (ILMS) ഇന്ത്യയിൽ തന്നെ കേരളമാണ് ആദ്യമായി നടപ്പിലാക്കുന്നത്. റിലീസ് (റവന്യൂ), പേൾ (രജിസ്‌ട്രേഷൻ), ഇമാപ്പ് (സർവേ) എന്നീ മൂന്ന് പോർട്ടലുകളെയും 'എന്റെ ഭൂമി' എന്ന ഒറ്റ കുടക്കീഴിൽ കൊണ്ടുവന്നു. പ്രവാസികൾക്ക് അവർ വാങ്ങുന്ന ഭൂമിയുടെ അതിരുകൾ തിരിച്ചറിയാനും, ബാധ്യതാ സർട്ടിഫിക്കറ്റ് (EC) പരിശോധിക്കാനും എല്ലാം ഇന്ന് വേഗത്തിൽ സാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഞാനില്ലെങ്കിൽ നീ എന്ത് ചെയ്യും? 2 മാസം മുൻപ് സി ജെ റോയ് ചോദിച്ച ചോദ്യത്തിന് ഭാര്യയുടെ മറുപടി
കരുത്തോടെ എസ്എഫ്ഐയുടെ തിരിച്ചുവരവ്; കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കുസാറ്റ് തിരിച്ചുപിടിച്ചു, കെഎസ്‍യുവിന് തിരിച്ചടി