ഐഡിയോളജിക്കലി ലീഗുകാരനാണെന്നും എന്നാൽ സിപിഐഎം നേതാക്കളുമായി നല്ല ബന്ധമാണെന്നും രണ്ടത്താണി പ്രതികരിച്ചു.

മലപ്പുറം: സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ മത്സരസാധ്യത തള്ളാതെ മുൻ എംഎൽഎയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണി. തിരൂരങ്ങാടി സ്ഥാനാർഥിക്കെതിരെ താനിട്ട പോസ്റ്റ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ നിലപാടാണ് ആ പോസ്റ്റിലുള്ളത്. പാർട്ടിക്കാരൻ എന്ന വികാരമാണ് പ്രകടിപ്പിച്ചത്. ഐഡിയോളജിക്കലി ലീഗുകാരനാണെന്നും എന്നാൽ സിപിഐഎം നേതാക്കളുമായി നല്ല ബന്ധമാണെന്നും രണ്ടത്താണി പ്രതികരിച്ചു. മുഹമ്മദലി ശിഹാബ് തങ്ങള്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കി. അതേ പാത പിന്തുടരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും രണ്ടത്താണി കൂട്ടിച്ചേർത്തു. ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രണ്ടത്താണി രംഗത്തെത്തിയിരുന്നു.

രണ്ടത്താണിയെ തിരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലാണ് സിപിഎം. വി അബ്ദുറഹിമാൻ മത്സര രം​ഗത്ത് നിന്ന് മാറുകയാണെങ്കിൽ താനൂരിലും രണ്ടത്താണിയെ പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് സിപിഎം അടിയന്തര യോഗം ചേരുമെന്ന് അറിയിച്ചു. തിരൂരങ്ങാടിയിൽ പിഎംഎ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണി ലീ​ഗിനോട് ഇടഞ്ഞത്.

സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് കമ്മിറ്റികൾ അറിയാതെ എടുത്ത തീരുമാനമാണെന്ന് രണ്ടത്താണി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രണ്ടത്താണി രംഗത്തെത്തിയത്. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി വിമര്‍ശിച്ചു.

അതേ സമയം, പാര്‍ട്ടി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും രണ്ടത്താണ് ലീഗിനൊപ്പം തന്നെയുണ്ടാകുമെന്നും പിഎംഎ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇപ്പോഴത്തേത് താത്ക്കാലിക വികാര വിക്ഷോഭമാണ്. അത്യപ്തരെ സമീപിക്കുന്നത് സിപിഎമ്മിന്‍റെ ഗതികേടാണെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. 

രണ്ടത്താണി സിപിഎം സ്ഥാനാർത്ഥി? മലപ്പുറത്ത് ഇടത് വിസ്മയമോ? | Abdurahiman Randathani