കോൺഗ്രസിൽ കലാപം; നേതാക്കളെ പുറത്താക്കണമെന്ന് കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ

By Web TeamFirst Published Dec 17, 2020, 7:59 AM IST
Highlights

പാർട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയിൽ അപമാനിക്കപ്പെട്ടുവെന്ന തോന്നൽ ആർഎംപിക്കുണ്ടായത് തിരിച്ചടിയായി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കെ പി സി സി ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുണ്ട്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കാൻ ആവശ്യപ്പെട്ടത്.

നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് നേരത്തെ കെ സുധാകരൻ എംപിയും പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെ പി സി സിക്കുണ്ട്.  കെ പി സി സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണം. ദില്ലിയിൽ പോയി രാഹുൽ ഗാന്ധിയെ ഈ വിഷയങ്ങൾ ധരിപ്പിക്കും. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം. സ്വന്തം ജില്ലയിൽ റിസൾട്ട് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല എന്നെനിക്കറിയാമെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയിൽ അപമാനിക്കപ്പെട്ടുവെന്ന തോന്നൽ ആർഎംപിക്കുണ്ടായത് തിരിച്ചടിയായി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു. അവരോട് നന്ദിയുണ്ട്. പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റെതല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

click me!