സഹോദരങ്ങളുടെ മരണം: ബദിയടുക്കയില്‍ വിദഗ്ദ്ധസംഘം പരിശോധന നടത്തി, സാംപിളുകള്‍ ശേഖരിച്ചു

By Web TeamFirst Published Jul 26, 2019, 8:06 PM IST
Highlights

പുത്തിഗെ മുഗു റോഡിൽ കുട്ടികൾ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ് എന്നിവയുടെ സാംപിളുകളും പൂച്ച, ആട് ഉൾപ്പടെയുള്ള വളർത്തു മൃഗങ്ങളുടെ രക്തസാംപിളുകളും സംഘം ശേഖരിച്ചു. ഈ സാംപിളുകള്‍ വിവിധ തലങ്ങളിൽ ലബോറട്ടറി പരിശോധന നടത്തും. 

കാസര്‍ക്കോട്: മണിക്കൂറുകള്‍ക്കിടയില്‍ സഹോദരങ്ങള്‍ മരണപ്പെട്ട സംഭവത്തില്‍ കാസര്‍ക്കോട് ബന്ദിയടുക്ക ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്‍റെ പരിശോധന. സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ വിദഗദ്ധസംഘമാണ് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. സംഘം ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ചു. 

പുത്തിഗെ മുഗു റോഡിൽ കുട്ടികൾ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ് എന്നിവയുടെ സാംപിളുകളും പൂച്ച, ആട് ഉൾപ്പടെയുള്ള വളർത്തു മൃഗങ്ങളുടെ രക്തസാംപിളുകളും സംഘം ശേഖരിച്ചു. ഈ സാംപിളുകള്‍ വിവിധ തലങ്ങളിൽ ലബോറട്ടറി പരിശോധന നടത്തും. നിലവിൽ ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗകാരിയേതെന്നും അതിന്റെ ഉറവിടം എവിടെയെന്നും കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നതെന്നും സംഘത്തലവനായ സ്റ്റേറ്റ് എപിഡെമിയോളജിസ്റ്റ്  ഡോ.എ.സുകുമാരന്‍ പറഞ്ഞു.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത രോഗങ്ങൾ പിടിപ്പെട്ട വിവരം ലഭിച്ചാൽ ആരോഗ്യ വകുപ്പ് വിദഗ്ധ പരിശോധന നടത്തി രോഗകാരിയെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം എ പി, ഡെമിയോളജിസ്റ്റ് ഡോ. റോബിൻ എസ്, ജില്ലാ മെഡിക്കൽ ഓഫീസിലെ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആരതി രഞ്ജിത്, ജില്ലാ എപിഡെമിയോളജിസ്റ്റ് ഫ്ലോറി ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
 

click me!