ശരണമന്ത്രം ചവറ്റുകൊട്ടയിലിട്ട് സംഘപരിവാര്‍ പുതിയ മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണ്: വിഡി സതീശന്‍

By Web TeamFirst Published Jul 26, 2019, 7:09 PM IST
Highlights

ഹൈന്ദവ വിശ്വാസികൾ ഭക്തിഭാവത്തോടെ ഉരുവിട്ടിരുന്ന ശ്ലോകങ്ങളെല്ലാം ഹിന്ദുത്വവാദികൾ കൊലവിളികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്  വിഡി സതീശന്‍.

കൊച്ചി: ശബരിമലയിലെ മുദ്രാവാക്യങ്ങൾ രാഷ്ട്രീയമായി അപ്രസക്തമാണെന്ന് ബോധ്യപ്പെട്ട സംഘപരിവാർ ആ മുദ്രാവാക്യത്തെ ചവറ്റുകൊട്ടയിലിട്ട് പുതിയ മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് വി ഡി സതീശന്‍. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നടക്കുന്ന ബിജെപി ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഘപരിവാറിനെ വിമര്‍ശിച്ച് സതീശന്‍ രംഗത്ത് വന്നത്. 

ഹൈന്ദവ വിശ്വാസികൾ ഭക്തിഭാവത്തോടെ ഉരുവിട്ടിരുന്ന ശ്ലോകങ്ങളെല്ലാം ഹിന്ദുത്വവാദികൾ കൊലവിളികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.  തെരഞ്ഞെടുപ്പിന് ശേഷവും ജയ് ശ്രീറാം വിളികൾ അന്നന്നത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നവരെ അവരുടെ വിശ്വാസങ്ങളുടെ പേരിൽ തെരുവിൽ തച്ചുകൊല്ലാനുള്ള ആഹ്വാനമാക്കി മാറ്റുകയായിരുന്നു സംഘപരിവാർ. ഭാരതത്തിലെ നാല്പത്തിയൊമ്പത് പ്രമുഖർ ഇന്ത്യൻ പ്രധാനമന്ത്രിയോട് കത്തിലൂടെ ഉന്നയിച്ചത് ഈ ആൾകൂട്ടക്കൊലപാതകങ്ങൾക്കെതിരെയുള്ള രാജ്യത്തിൻറെ വികാരമാണെന്ന് സതീശന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഹൈന്ദവ വിശ്വാസികൾ ഭക്തിഭാവത്തോടെ ഉരുവിട്ടിരുന്ന ശ്ലോകങ്ങളെല്ലാം ഹിന്ദുത്വവാദികൾ കൊലവിളികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപായി അയ്യപ്പന്മാർ ഭക്തിയോടെ ഏറ്റുപാടിയിരുന്ന ശരണമന്ത്രം ഹിന്ദുത്വവാദികൾ ഉപയോഗിച്ചത് പോലീസിനെ നേരിടാനും, സ്ത്രീകളെ ആക്രമിക്കാനും, ഹർത്താൽ നടത്തുവാനുമായുള്ള രാഷ്ട്രീയ മുദ്രാവാക്യമായിട്ടാണ്. കേരളം വിട്ടാൽ ബംഗാൾ ഉൾപ്പടെ വർഗീയ ധ്രുവീകരണത്തിനു ആ മുദ്രാവാക്യം ജയ് ശ്രീറാം ആയിരുന്നു. 

തെരഞ്ഞെടുപ്പിന് ശേഷവും ജയ് ശ്രീറാം വിളികൾ അന്നന്നത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നവരെ അവരുടെ വിശ്വാസങ്ങളുടെ പേരിൽ തെരുവിൽ തച്ചുകൊല്ലാനുള്ള ആഹ്വാനമാക്കി മാറ്റുകയായിരുന്നു സംഘപരിവാർ. ഭാരതത്തിലെ നാല്പത്തിയൊമ്പത് പ്രമുഖർ ഇന്ത്യൻ പ്രധാനമന്ത്രിയോട് കത്തിലൂടെ ഉന്നയിച്ചത് ഈ ആൾകൂട്ടക്കൊലപാതകങ്ങൾക്കെതിരെയുള്ള രാജ്യത്തിൻറെ വികാരമായിരുന്നു. 

അതിൽ ഏറ്റവും പ്രധാനിയായ അടൂർ ഗോപാലകൃഷ്ണനെതിരെ സംഘപരിവാർ ഉയർത്തിയിരിക്കുന്ന വാൾ ഹൈന്ദവ വിശ്വാസത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മുദ്രാവാക്യമായ ഹിന്ദുത്വത്തെ പ്രചരിപ്പിക്കുന്നതിനാണ്. ശബരിമലയിലെ മുദ്രാവാക്യങ്ങൾ രാഷ്ട്രീയമായി അപ്രസക്തമാണെന്ന് ബോധ്യപ്പെട്ട സംഘപരിവാർ ആ മുദ്രാവാക്യത്തെ ചവറ്റുകൊട്ടയിലിട്ട് പുതിയ മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണ്.

click me!