കാസർകോട് 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; വിവാഹവീട്ടിൽ നിന്ന് പടർന്നതെന്ന് നിഗമനം

By Web TeamFirst Published Jul 26, 2019, 7:42 PM IST
Highlights

വിവാഹവീട്ടിൽ നിന്ന് കുടിച്ച വെള്ളമോ, ജ്യൂസോ ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നിഗമനം

കാസർകോട്: കാസർകോട് ജില്ലയിലെ അണങ്കൂർ മേഖലയിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുൻപ് ഇവിടെ നടന്ന ഒരു വിവാഹവീടാണ് മഞ്ഞപ്പിത്തത്തിന്റെ കേന്ദ്രം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

"കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞപ്പിത്തം ബാധിച്ചവർ ചികിത്സ തേടിയെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെല്ലാം ഏതാണ്ട് ഒരു മാസം മുൻപ് ഇവിടെ നടന്ന ഒരു വിവാഹവേദിയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. പക്ഷെ ഇവിടെ വിതരണം ചെയ്‌ത വെള്ളമാണോ, മറ്റെന്തെങ്കിലും പാനീയമാണോ രോഗകാരിയായതെന്ന് അറിയില്ല," കാസർകോട് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡിഎംഒ ഡോ മനോജ് പ്രതികരിച്ചു.

മഞ്ഞപ്പിത്ത ബാധയുണ്ടെന്ന് സംശയിക്കുന്ന 20 പേർക്കും രോഗബാധ സ്ഥിരീകരിക്കാനാണ് സാധ്യതയെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് ഏറെ നാളുകളായതിനാൽ രോഗത്തിന്റെ പ്രഭവകേന്ദ്രം കൃത്യമായി കണ്ടെത്താൻ സാധിക്കില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.

പ്രദേശത്ത് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും ഡോ മനോജ് അറിയിച്ചു.
 

click me!