
കൊച്ചി: ബലക്ഷയം കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നു. രാവിലെ എട്ട് മണിയോടെ ആണ് പരിശോധന ആരംഭിച്ചത്. പാലത്തിന്‍റെ അടിഭാഗത്താണ് സംഘം ആദ്യം പരിശോധന നടത്തുന്നത്.
ഡിഎംആര്‍സിയില്‍ സഹപ്രവര്‍ത്തകനായിരുന്ന കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ. ഐഐടിയിസ് മഹേഷ് ടണ്ടനെ പാലം പരിശോധനയ്ക്കായി ഇ ശ്രീധരന്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ചെന്നൈ ഐഐടിയിലെ വിദഗ്ദ്ധന്‍ അളകസുന്ദരവും സംഘത്തിലുണ്ട്.പാലം നിര്‍മ്മാണത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ചെന്നൈ ഐഐടി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ശ്രീധരനും സംഘവും നല്‍കുന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ച് നീക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. അറ്റകുറ്റ പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മെട്രോമാൻ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തിയ ശ്രീധരൻ പാലം ഒരു കോൺക്രീറ്റ് സ്പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ പാലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാരും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഇ ശ്രീധരന്റെ നേതൃത്വത്തിൽ പാലത്തിൽ വിദഗ്ദ്ധ പരിശോധന നടത്തുന്നത്.
പാലത്തിന്റ കൂടുതൽ സാംപിളുകൾ ശേഖരിച്ച് പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ടാകും സർക്കാരിന് നൽകുക. ഈ റിപ്പോർട്ട് പരിഗണിച്ചായിരിക്കും പാലം പൊളിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം പാലത്തിന്‍റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥർക്ക് വിജിലൻസ് നോട്ടീസ് അയച്ചു.
കഴിഞ്ഞ ദിവസം നിർമ്മാണ കമ്പനിയായ ആർഡിഎസ് കൺസ്ട്രഷൻസിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും വിജിലൻസ് പരിശോധിച്ചു വരികയാണ്. കംപ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കമുള്ളവ പരിശോധനക്കായി ഫോറൻസിക് വിദ്ഗ്ദ്ധർക്കും അയക്കും. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളാകും ആദ്യ ഘട്ടത്തിൽ പരിശോധിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam