
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനം നടന്ന സംഭവത്തിൽ തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ. റോബോട്ടിനെ ഉപയോഗിച്ച് തീ കെടുത്താനാണ് നിലവിൽ ശ്രമിക്കുന്നത്. എറണാകുളത്ത് നിന്ന് എത്തിക്കുമെന്നും നിതിൻ അഗർവാൾ പറഞ്ഞു. സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തുക വെല്ലുവിളി നിറഞ്ഞതാണെന്നും അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നും നിതിൻ അഗർവാൾ പറഞ്ഞു.
അതേസമയം തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഒൻപത് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam