'കേരളത്തോടുള്ള വെറുപ്പും ബിജെപിയുടെ പകപോക്കലും തുറന്നുകാട്ടുന്നത്'; നിർമ്മല സീതാരാമനെതിരെ സിപിഐ എംപി

Published : Dec 10, 2024, 06:08 PM IST
'കേരളത്തോടുള്ള വെറുപ്പും ബിജെപിയുടെ പകപോക്കലും തുറന്നുകാട്ടുന്നത്'; നിർമ്മല സീതാരാമനെതിരെ സിപിഐ എംപി

Synopsis

15 വർഷത്തെ കാലയളവിനുശേഷം തുറമുഖത്തിന്‍റെ വരുമാനത്തിൽ നിന്ന് വിജിഎഫിന് വർഷം തോറും തിരിച്ചടയ്ക്കണമെന്ന് ധനമന്ത്രി തറപ്പിച്ചുപറഞ്ഞിരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ മറുപടി കേരളത്തോടുള്ള നിർമ്മല സീതാരാമന്‍റെ വെറുപ്പും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലും തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എംപി അഡ്വ പി സന്തോഷ് കുമാർ. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം നൽകിയ മറുപടിയോട് പ്രതികരിക്കവെ, ഈ മറുപടി ബിജെപിയുടെ പകപോക്കലിനെയും കേരളത്തോടും സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളോടുമുള്ള അവരുടെ നിരന്തര വിദ്വേഷവും തുറന്നുകാട്ടുന്നുവെന്ന് സിപിഐ രാജ്യസഭാ നേതാവ് കൂടിയായ അഡ്വ പി സന്തോഷ് കുമാർ പറഞ്ഞു. 

വിഴിഞ്ഞം അന്താരാഷ്ട്ര കടൽ വികസന പദ്ധതിക്ക് നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സംബന്ധിച്ച് സിപിഐ എംപി പാർലമെന്‍റിൽ ചോദ്യം ഉന്നയിച്ചിരുന്നു. മന്ത്രാലയം നൽകിയ മറുപടി പ്രകാരം വിജിഎഫ് പദ്ധതിയിൽ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സർക്കാർ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വായ്പയായിട്ടല്ല ഗ്രാന്‍റായാണ് വിജിഎഫ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 15 വർഷത്തെ കാലയളവിനുശേഷം തുറമുഖത്തിന്‍റെ വരുമാനത്തിൽ നിന്ന് വിജിഎഫിന് വർഷം തോറും തിരിച്ചടയ്ക്കണമെന്ന് ധനമന്ത്രി തറപ്പിച്ചുപറഞ്ഞിരുന്നു. തിരിച്ചടവ് സംബന്ധിച്ച് യാതൊരു നിബന്ധനയുമില്ലാതെ തൂത്തുക്കുടി തുറമുഖത്തിന് വിജിഎഫ് നൽകി എന്നത് ശ്രദ്ധിക്കേണ്ടതാണ്. വിഴിഞ്ഞം തുറമുഖത്തോട് ബിജെപി സർക്കാർ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ സാധാരണക്കാരുടെ വിമർശനത്തിന് വിധേയമാണ്.

കേരളത്തോടും ജനങ്ങളോടുമുള്ള ബിജെപിയുടെയും നിർമല സീതാരാമന്‍റെയും വെറുപ്പാണ് മന്ത്രാലയം നൽകിയ മറുപടി തുറന്നുകാട്ടുന്നതെന്ന് പി സന്തോഷ് കുമാർ പറഞ്ഞു. വിജിഎഫ് സ്കീമിന് കീഴിൽ കേന്ദ്ര സർക്കാർ നൽകിയ തുക തിരികെ നൽകണമെന്ന് അവർ കത്തിൽ പറഞ്ഞു. എന്നാൽ വിജിഎഫ് വായ്പയല്ല ഗ്രാന്‍റാണെന്ന് അവരുടെ സ്വന്തം മന്ത്രാലയം വ്യക്തമാക്കി. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പ് അനുശാസിക്കുന്ന ഇത്തരം വികസന പദ്ധതികൾക്കുള്ള  സാമ്പത്തിക സഹായത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ  അനുസരിച്ച്, വിജിഎഫ് ഒരു പ്രവർത്തന ഗ്രാൻ്റോ മൂലധന ഗ്രാൻ്റോ ആണ്. 

ഈ സഹായത്തിൻ്റെ തിരിച്ചടവ് സംബന്ധിച്ച് ഒരു വ്യവസ്ഥയും ഈ നിർദ്ദേശങ്ങളിൽ ഇല്ല. നിർമല സീതാരാമനും ബിജെപിയും കേരളത്തോട് കാണിക്കുന്ന ശത്രുത പൊറുക്കാനാവില്ല. രാഷ്ട്രീയ ഭിന്നതകൾ ഒരിക്കലും ഒരു സംസ്ഥാനത്തേയും അവിടുത്തെ ജനങ്ങളേയും ദ്രോഹിക്കുന്നതിനും അവരോടു വിവേചനം കാണിക്കുന്നതിനും കാരണമാകരുത്.

ബിജെപിയുടെ സ്വന്തം മന്ത്രി, രാജ്യസഭയിൽ സത്യം പറഞ്ഞതിനാൽ വി ജി എഫ് തിരിച്ചടയ്ക്കണം എന്ന ആവശ്യം പിൻവലിക്കണമെന്നും വിജിഎഫ് ഉടനടി നിരുപാധികമായും സംസ്ഥാന സർക്കാരിന് കൈമാറണമെന്നും പി സന്തോഷ് കുമാർ എംപി പറഞ്ഞു. വിഴിഞ്ഞത്തിൻ്റെയും കേരളത്തിൻ്റെയും വികസനം തകർക്കാനുള്ള ഏതൊരു ശ്രമവും ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസിയിൽ വന്ന മലയിൻകീഴ് സ്വദേശി; പരിശോധനയിൽ പിടിച്ചത് മെത്താംഫിറ്റമിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു