പൊലീസ് ജീപ്പിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി വ്യാപക തിരച്ചിൽ, അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും

Published : Nov 08, 2025, 01:54 PM IST
suhas

Synopsis

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കവർച്ച കേസ് പ്രതി സുഹാസിനായി വ്യാപക തിരച്ചിൽ.  വ്യവസായി സന്തോഷ് കുമാറിനെ ബത്തേരി കല്ലൂരിൽ വച്ച് ആക്രമിച്ച് വാഹനം കവർന്ന കേസിലെ പ്രതിയാണ് ഇയാൾ. കൈ വിലങ്ങുമായി കടന്നുകളഞ്ഞതായാണ് വിവരം.

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വാഹന കവർച്ച കേസ് പ്രതിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല. തൃശ്ശൂർ സ്വദേശിയായ സുഹാസ് ആണ് ബത്തേരി പൊലീസിന്‍റെ വാഹനത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി കോഴിക്കോട്, വയനാട് ജില്ലകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വ്യവസായി സന്തോഷ് കുമാറിനെ ബത്തേരി കല്ലൂരിൽ വച്ച് ആക്രമിച്ച് വാഹനം കവർന്ന കേസിലെ പ്രതിയാണ് തൃശ്ശൂർ സ്വദേശിയായ സുഹാസ്. ബത്തേരി പൊലീസ് തൃശ്ശൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് മടങ്ങും വഴി ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് രക്ഷപ്പെട്ടത്. കൈ വിലങ്ങുമായി കടന്നുകളഞ്ഞതായാണ് വിവരം.

എസ് ഐയും 4 സിവിൽ പൊലീസ് ഉദ്യോഗസ്ഥരും വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് സുഹാസിനെ പിടികൂടാനായില്ല. ഇയാൾക്കായി കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാപകമായ തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. പ്രതി സംസ്ഥാനം വിടാനുള്ള സാധ്യത കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ വ്യവസായി സന്തോഷ് കുമാർ ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുംവഴി ബുധനാഴ്ച രാത്രിയായിരുന്നു കല്ലൂരിൽ വച്ച് സുഹാസ് ഉൾപ്പെടുന്ന എട്ടംഗ സംഘം വഴി തടഞ്ഞ് ആക്രമിച്ച് വാഹനവുമായി കടന്നുകളഞ്ഞത്.

വാഹനം പിറ്റേന്ന് തന്നെ വയനാട് പുൽപ്പള്ളിയിൽ കണ്ടെത്തി. അക്രമി സംഘത്തിന് സഹായം നൽകിയ ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങൾ അനുസരിച്ചായിരുന്നു സുഹാസിനെ കണ്ടെത്താനായി ബത്തേരി പൊലീസ് തൃശ്ശൂരിലേക്ക് തിരിച്ചത്. സുഹാസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ലഭ്യമായ വിവരങ്ങളനുസരിച്ച് സന്തോഷിനെ ആക്രമിച്ചത് സ്വർണക്കടത്ത് സംഘമെന്നാണ് പൊലീസ് നിഗമനം. ആളുമാറിയായിരുന്നു ആക്രമണമെന്നും സൂചനയുണ്ട്. അക്രമി സംഘത്തിലെ മറ്റ് ഏഴു പേർക്കായും അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പെടെ ശേഖരിച്ച് പ്രതികളെ തിരിച്ചറിയാനാണ് ശ്രമം.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു