
കൊച്ചി: മരടിൽ ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് അപ്പാർട്ട്മെന്റ് വീഴുന്നത് 37 മുതൽ 46 അടി വരെ ചരിഞ്ഞായിരിക്കുമെന്ന് വിദഗ്ധ സമിതി അംഗം. ഇടഭിത്തികൾ നീക്കിയതിനാൽ ഒരു തവണ പരമാവധി 1,500 ടൺ കെട്ടാടാവശിഷ്ടം മാത്രമേ നിലത്ത് പതിക്കുകയുള്ളൂവെന്നും സ്ട്രക്ച്ചറൽ എഞ്ചിനീയർ അനിൽ ജോസഫ് വ്യക്തമാക്കി. ഫ്ലാറ്റ് പൊളിക്കുന്നതിന് വിദഗ്ധ സമിതി തയ്യാറാക്കിയ ബ്ലൂ പ്രിന്റ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ജനുവരി പതിനൊന്നാം തീയതി പതിനൊന്ന് മണിക്ക് ആദ്യം പൊളിക്കുക ഹോളിഫെയ്ത് അപ്പാർട്ട്മെന്റ്. നാല് ഘട്ടമായി സെക്കന്റുകൾക്കുള്ളിൽ കെട്ടിടം നിലം പതിക്കും. ആദ്യം സ്ഫോടനം നടത്തുക ഗ്രൗണ്ട് ഫ്ലോറിൽ. പിന്നാലെ 6.4സെക്കന്റ് വ്യത്യാസത്തിൽ പതിനാറും, പതിനൊന്നും , ഒൻപതും നിലകളിൽ സ്ഫോടനം നടക്കും. കെട്ടിടം ഒന്നായി ഇടിക്കാതെ ഓരോ നിലകൾ വീതം സ്ഫോടനം നടത്തുമ്പോൾ പ്രകമ്പനം കുറയ്ക്കാനാകും. ഇതിലൂടെ സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാകുന്നത് തടയാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
(ചിത്രം: ഹോളിഫെയ്ത്ത് അപ്പാർട്ടമെൻ്റിന്‍റെ തൂണുകളിലും ഭിത്തിയിലും സ്ഫോടക വസ്തു നിറയ്ക്കാനായി ദ്വാരമുണ്ടാക്കുന്ന തൊഴിലാളികൾ)
സ്ഫോടക വസ്തുക്കൾ നിറക്കാനായി ഹോളിഫെയ്ത്തിലെ തൂണുകളിൽ തയ്യാറാക്കിയത് 32 മില്ലി മീറ്റർ വിസ്തീർണ്ണമുള്ള 1406 ദ്വാരങ്ങൾ. ഭിത്തികളിൽ ആകെയുള്ളത് 252.84 മീറ്റർ ദ്വാരങ്ങൾ. പ്രകമ്പനത്തിന്‍റെ ശക്തി കുറയ്ക്കാനായി ഫ്ലാറ്റിന് ചുറ്റും കിടങ്ങുകൾ നിർമ്മിക്കും. ഫ്ലാറ്റിൽ നിന്ന് വെറും പതിനഞ്ച് മീറ്റർ അകലെ ഐഓസിയുടെ വാതക പൈപ്പ്‍ലൈൻ പോകുന്നതിനാൽ അപകട മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്.
ഹോളിഫെയ്ത്ത് അപ്പാർട്ട്മെന്റ് പൊളിക്കുമ്പോൾ സുരക്ഷ മുൻനിർത്തി തേവര കുണ്ടന്നൂർ പാലത്തിലൂടെയുള്ള ഗതാഗതവും നിർത്തിവയ്ക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam