റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞു, നാല് പേർക്ക് പരിക്ക്; മലപ്പുറത്ത് രാവിലെ മുതൽ കനത്ത മഴ

Published : Jul 27, 2025, 12:34 PM IST
Malappuram rain

Synopsis

മലപ്പുറത്ത് ശക്തമായ മഴയും കാറ്റും വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു, വീടുകൾ തകർന്നു, 

മലപ്പുറം: മലപ്പുറത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മമ്പാട് വണ്ടൂർ റോഡിൽ ചീനി മരം കടപുഴകി വീണു റോഡ് ഗതാഗതം രണ്ട് മണിക്കൂറോളം തടസപെട്ടു. മുണ്ടുപറമ്പ് ബൈപ്പാസിൽ റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു. നാല് പേർക്ക് പരിക്കേറ്റു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി അസ്ലം, സഹോദരൻ സലാം, ഇരുവരുടെയും ഭാര്യമാർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളം നിറഞ്ഞതിനാൽ കുഴി കാണാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ കോടാലി പൊയിൽ വീടിനു മുകളിൽ തേക്ക് മരം കടപുഴകി വീണു. മുഹമ്മദിന്‍റെ വീടിനു മുകളിലാണ് മരം വീണത്. മുഹമ്മദും ഭാര്യ ഖദീജയും വീട്ടിൽ ഉള്ളപ്പോഴാണ് മരം വീണത്. ആളപായമില്ല.

മലയോര മേഖലയിൽ മാത്രമല്ല തീരദേശ മേഖലയിലും മലപ്പുറത്ത് നാശനഷ്ടങ്ങളുണ്ട്. ശക്തമായ കാറ്റിലും കടലാക്രമണത്തിലും മലപ്പുറം പൊന്നാനി പാലപ്പെട്ടി തീരത്താണ് വലിയ നാശനഷ്ടമുണ്ടായത്. ഇവിടെ രണ്ട് വീടുകൾ പൂർണമായും തകരുകയും നാല് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. സുലൈമാൻ കറുപ്പും വീട്ടിൽ, വടക്കൂട്ട് മൊയ്തീൻ എന്നിവരുടെ വീടുകളാണ് തകർന്നത്. കിഴക്കേതിൽ കോയ, ചുള്ളിയിൽ അലീമ, ഹൈദർ ഉണ്ണിയാൽ വീട്ടിൽ റസീന ഹാജിയാരാകത്ത് എന്നിവരുടെ വീടുകളിലേക്ക് കടൽ വെള്ളം കയറി.

മുൻകരുതൽ നടപടികൾ വിശദീകരിച്ച് മന്ത്രി കെ രാജൻ

ഏതെങ്കിലും ദുരന്ത നിവാരണ മുന്നറിയിപ്പ് ലഭിച്ചാൽ കാത്തിരിക്കാതെ ആളുകളെ മാറ്റിതാമസിപ്പിക്കണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. കേരളത്തിൽ കഴിഞ്ഞ മെയ് മാസം മുതൽ അയ്യായിരത്തിലേറെ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലയിൽ തുടർച്ചയായ മഴ പെയ്യുന്ന സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കൽ നടത്തിയിട്ടുണ്ട്. മഴയോടൊപ്പം 70 - 80 കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റ് കൂടിയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴുന്ന സ്ഥിതിയുണ്ട്. ഒരു കോടി രൂപ വരെ അടിയന്തര ഘട്ടങ്ങളിൽ ചെലവഴിക്കാനായി ജില്ലകൾക്ക് നൽകി. നഷ്ടപരിഹാരം കൃത്യമായി കണക്കെടുത്ത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് മന്ത്രി പറഞ്ഞു. ആ മുന്നറിയിപ്പ് പ്രകാരമുള്ള പ്രകൃതിക്ഷോഭങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മലയോരങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മലവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ച് വരികയാണ്. രാത്രികാലങ്ങളിൽ ഡാം തുറക്കാതിരിക്കാനുള്ള മുൻകരുതൽ നൽകിയിട്ടുണ്ട്. 70 - 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുണ്ടായി. ഇന്ന് രാത്രിയോടെ ന്യൂനമർദം ശക്തികുറയാനാണ് സാധ്യത. വൈകുന്നേരം മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി