
തിരുവനന്തപുരം : കൊല്ലത്ത് വനിതാ ഡോക്ടറെ അക്രമി കുത്തിക്കൊന്ന ദാരുണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം പൊലീസുകാരെ ആക്രമിച്ച പ്രതി മുറിക്ക് പുറത്ത് ഡ്രസിംഗ് റൂമിന് സമീപമായിരുന്ന വനിതാ ഡോക്ടറെ നിലത്തിട്ട് ഒരുപാട് തവണ കുത്തിയെന്ന് സംഭവം നടന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം പൊലീസുകാരെ കുത്തിയ പ്രതി, അവരെല്ലാം ഓടിരക്ഷപ്പെട്ട സമയത്താണ് വനിതാ ഡോക്ടർക്ക് നേരെ തിരിഞ്ഞതെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്, പ്രതി അധ്യാപകൻ
ദൃക്സാക്ഷിയുടെ വാക്കുകൾ
പുലർച്ചെ ബഹളം കേട്ടാണ് ഇറങ്ങിയോടിച്ചെന്നത്. ഇയാൾ ഒരു പൊലീസുകാരനെ ഇടിക്കുന്നതാണ് കണ്ടത്. കൈയ്യിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് വെച്ച് മൂന്നോ നാലോ തവണ കുത്തി. ഇത് കണ്ട് ഓടി വന്ന എസ് ഐയെയും കുത്തി. കുത്തേറ്റവരെല്ലാം ഓടി രക്ഷപ്പെട്ടു. ജീവനക്കാരെയെല്ലാം മുറിക്കുള്ളിലാക്കി പ്രതിയെ പുറത്താക്കി ഞങ്ങൾ വാതിൽ അകത്ത് നിന്നും അടച്ചു. ഈ സമയത്ത് കൊല്ലപ്പെട്ട വനിതാ ഹൌസ് സർജൻ മുറിക്ക് പുറത്തായിരുന്നു. അത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല. അക്രമി നടന്ന് ചെന്ന് ഡ്രസിംഗ് റൂമിന് സമീപത്തുണ്ടായിരുന്ന ഡോക്ടറെ തള്ളിയിട്ട് തലഭാഗത്തിരുന്നന് കുത്തുകയായിരുന്നു. ആ സമയത്ത് കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഹൌസ് സർജൻ ഡോക്ടർ ഓടി വന്ന് ഇയാളെ അടിച്ചു. ഇയാൾ നിലത്ത് വീണപ്പോൾ ഇയാളുടെ കാല് പിടിച്ച് വലിച്ചു. അയാളെ തള്ളിമാറ്റി വനിതാ ഡോക്ടറുടെ മുതുകിലു കുത്തി. അപ്പോഴേക്കും കൂടുതൽ പൊലീസെത്തി. അതോടെ ഇയാൾ കത്തിതാഴെയിട്ടു. ഈ സമയത്ത് വനിതാ ഡോക്ടറെ വാരിയെടുത്ത് പുറത്തേക്കോടി.