
വിഴിഞ്ഞം: വിഴിഞ്ഞത്ത് ആഴക്കടലില്‍ കാണാതായി മൂന്നുദിവസത്തിന് ശേഷം തിരികെയെത്തിയ മത്സ്യത്തൊഴിലാളികളെ ആരോഗ്യവകുപ്പ് അവഗണിക്കുന്നെന്ന് വെളിപ്പെടുത്തല്‍. കടുത്ത ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചതായി തീരദേശ വിദ്യാര്‍ത്ഥികളുടെ സാംസ്കാരിക സംഘടനയുടെ പ്രോഗ്രാം കോഡിനേറ്റര്‍ വിപിന്‍ ദാസ് തോട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത മത്സ്യത്തൊഴിലാളികളില്‍ ഒരാളോട് എക്സ്റേ എടുക്കാനും ഒപി ടിക്കറ്റ് എടുക്കാനുമായി ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും വിപിന്‍ ദാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്‍റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരാണ് കടയില്‍ കാണാതായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത്. ബോട്ടിന്റെ യന്ത്രത്തകരാറിനെ തുടർന്ന് മൂന്ന് ദിവസമായി കടലിൽ കുടുങ്ങിയ ഇവർ ശനിയാഴ്ച ഉച്ചയോടെയാണ് തീരത്തെത്തിയത്. തെരച്ചിലിനായി നാവികസേന ഹെലികോപ്റ്ററുകൾ പുറപ്പെട്ടെങ്കിലും ഉച്ചയോടെ ബോട്ടിന്റെ തകരാർ പരിഹരിച്ച് മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്തുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
ഇപ്പോൾ പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലുണ്ട്.
വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിനു പോയി കടലിൽ കാണാതായി മൂന്നു ദിവസത്തുനുശേഷം തിരിച്ചു വന്ന പുതിയതുറ സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികളെ കടുത്ത ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് പുല്ലുവിള സാമൂഹീകാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ബെന്നി, ലൂയിസ് എന്നിവരാണ് ആശുപത്രിയിലുള്ളത്. ഡോക്ടർമാരോ മെഡിക്കൽ ഓഫീസറോ ഇല്ലാത്തതിനാൽ ഇതുവരെ അഡ്മിറ്റ് ചെയ്തിട്ടില്ല.
അപകടമുണ്ടായി കരയിലേക്കു വന്നതിനുശേഷം ഒരാളെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തെങ്കിലും എക്സ് റേ എടുക്കാനും ഒ.പി ടിക്കറ്റ് എടുക്കാനും മറ്റുമായി ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് അദ്ധേഹം തിരികെ വീട്ടിൽ പോവുകയായിരുന്നു. ബെന്നി എന്ന മത്സ്യത്തൊഴിലാളിക്ക് ഇടുപ്പിനു താഴെ ആഴത്തിൽ മുറിവുണ്ട്. അതും വച്ചു കെട്ടുകയോ ഏതെങ്കിലും വിധത്തിലുള്ള ട്രീറ്റ്മെന്റ് കൊടുക്കുകയോ ചെയ്തിട്ടില്ല.
നാലു ദിവസം ഉപ്പുവെള്ളം കുടിച്ചു കിടന്ന കേരളത്തിന്റെ രക്ഷാസൈന്യത്തെ കേരളത്തിന്റെ ആരോഗ്യവകുപ്പ് പരിചരിക്കുന്ന വിധം ഇങ്ങനെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam