
കൊച്ചി: മദ്യപിച്ചതറിയാന്‍ ഊതിച്ച് നോക്കി കേസെടുത്താല്‍ അത് നിലനില്‍ക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കുറ്റംചുമത്തി മൂന്നുപേര്‍ക്കെതിരായ രജിസ്റ്റര്‍ ചെയ്ത കേസ് നീക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കൊല്ലം സ്വദേശികള്‍ക്കെതിരായ കേസാണ് രക്തപരിശോധന നടത്തി മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താതെ ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് തള്ളിയത്.
ആല്‍ക്കോമീറ്റര്‍ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലും കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ല. ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ച് പരിശോധന ഉറപ്പിച്ചാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂ എന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. 2018ലെ സമാനമായ കേസിലെ വിധി ഹൈക്കോടതി വീണ്ടും ഓര്‍മിപ്പിച്ചു. ചില മരുന്നുകള്‍ക്ക് ആല്‍ക്കഹോളിന്‍റെ ഗന്ധമുണ്ട്, ആല്‍ക്കോമീറ്റര്‍ പരിശോധനയിലും ഇതിന്‍റെ അളവ് വ്യക്തമാകണമെന്നില്ല. രക്തപരിശോധന മാത്രമാണ് ശാസ്ത്രീയമായ രീതിയെന്നുമായിരുന്നു ഹൈക്കോടതി വിധി.
മദ്യപിച്ചെന്ന സംശയത്തില്‍ മുഖത്തോ കയ്യിലോ ഊതിച്ച് മദ്യത്തിന്‍റെ മണം ഉണ്ടോ എന്ന് പരിശോധിച്ച് പെറ്റി കേസെടുക്കുന്നത് പതിവാണ്. ഇത്തരം കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. തങ്ങള്‍ക്കെതിരെ പൊതു സ്ഥലത്ത് മദ്യപിച്ചെന്ന പേരില്‍ പൊലീസ് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പരാതിക്കാരുടെ വാദം. കേരളാ അബ്കാരി ആക്ട് 15 സി പ്രകാരമായിരുന്നു കേസ്. ഈ കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ 2018ലുള്ള ഹൈക്കോടതി വിധിയെ ഉദ്ധരിച്ച് സിങ്കിള്‍ ബെഞ്ച് വിധിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam