
തിരുവനനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റാലും അഴിമതിക്കെതിരായ പോരാട്ടത്തിൽ ആർക്കും തന്നെ തോൽപിക്കാനാവില്ലെന്ന് അനിൽ അക്കര (Anil Akkara). ഫേസ്ബുക്ക് കുറിപ്പിലാണ് (Facebook POst) അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് നേരിട്ട തോൽവിയെക്കുറിച്ച്, ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സുഹൃത്തിന്റെ വാക്കുകളും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു അനിൽ അക്കര. അനില്‍ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ലൈഫ് മിഷൻ അഴിമതിയാരോപണവും തുടർ സംഭവവികാസങ്ങളും വലിയ ചർച്ചയായിരുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
''നീ തോൽക്കേണ്ടത് ഞങ്ങളുടെ രണ്ട് പാർട്ടിക്കാരുടെയും ആവശ്യമായിരുന്നു. ആ പണി പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൊട്ടേ ആരംഭിച്ചു, വടക്കാഞ്ചേരി നഗരസഭ, അടാട്ട് പഞ്ചായത്ത്, തെക്കുംകര പഞ്ചായത്ത്, തോളൂർ പഞ്ചായത്ത്, കോലഴി പഞ്ചായത്ത് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിന് മുൻപേ സഖ്യമുണ്ടാക്കി, അത് വിജയിച്ചു, പിന്നെ നിയമസഭയിലും, അതിന്റെ ചുമതല എം കെ കണ്ണനെ ഏൽപ്പിച്ചു അങ്ങന എല്ലാം ഭംഗിയാക്കി, നീ തോറ്റാൽ പിന്നെ ലൈഫ് കേസ് ജനം വിശ്വസിക്കില്ല, പിന്നെ സിബിഐ അത് ഞങ്ങളുടെ പാർട്ടി കൈകാര്യം ചെയ്യാമെന്ന് ഉറപ്പ് നൽകി'" ബിജെപി വിട്ട് കോൺഗ്രസ്സിൽ വന്ന ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇത്. ഒരു കാര്യം ഞാൻ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റുകാണും പക്ഷേ അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങൾക്കാർക്കും എന്നെ തോൽപ്പിക്കാൻ കഴിയില്ല. ഇപ്പോൾ ഈ കേസിലുണ്ടായ വെളിപ്പെട്ട ചില കാര്യങ്ങൾ ഞാൻ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതാണ്. ബിജെപി, സിപിഎം സർക്കാരുകൾ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടിൽ അതിനെ മറികടക്കുക എളുപ്പമല്ല. എന്ത് വിലകൊടുത്തും അതിനെ മറികടക്കണം. അത് ജീവൻ നൽകിയാണെങ്കിലും മറികടക്കും. ഒരുനാൾ സത്യം ജയിക്കും.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam