
തിരുവനന്തപുരം: ശങ്കരാചാര്യരെ കേവല ബ്രാഹ്മണനായും ഗുരുദേവനെ വെറും ഈഴവനായും കാണാൻ കോടിയേരിക്കും കമ്യൂണിസ്റ്റുകാർക്കും മാത്രമേ കഴിയൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷ്ഷൻ കെ സുരേന്ദ്രൻ. ആദി ശങ്കരന്റെ കേരളം തന്നെ ഗുരുദേവന്റെ കേരളവും എന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. ആത്മോപദേശകശതകത്തിന്റെ ഒരു കോപ്പി വായിക്കുമെങ്കിൽ സൗജന്യമായി കോടിയേരിക്ക് അയച്ചുതരാമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
ശ്രീനാരായണ ഗുരുദേവനോട് അങ്ങയുടെ തത്വശാസ്ത്രമെന്താണെന്ന് വിമർശരൂപേണ ചോദ്യമുന്നയിച്ച പണ്ഡിതമ്മന്യനോട് തത്വശാസ്ത്രത്തിൽ ഞാൻ ശങ്കരനെയാണ് പിന്തുടരുന്നതെന്ന ഉറച്ച മറുപടിയാണ് ഗുരുദേവൻ നൽകിയത്. ശങ്കരാചാര്യരെ കേവല ബ്രാഹ്മണനായും ഗുരുദേവനെ വെറും ഈഴവനായും കാണാൻ കോടിയേരിക്കും കമ്യൂണിസ്റ്റുകാർക്കും മാത്രമേ കഴിയൂ. രണ്ടുപേരും അദ്വൈതികൾ തന്നെ ആയിരുന്നു. അഹം ബ്രഹ്മാസ്മിയും തത്വമസിയും മനസിലാവുന്നവരോട് ശങ്കരനും ഒരു ജാതി ഒരു മതം ഒരു ദൈവം മനസ്സിലാവുന്നവരോട് ഗുരുദേവനും സംവദിച്ചു എന്ന വ്യത്യാസം മാത്രമേയുള്ളൂ. വേദങ്ങളും ഉപനിഷത്തുക്കളും രണ്ടുപേരും സ്വായത്തമാക്കി.
ഞാനും നീയും ഒന്നു തന്നെ എന്നുള്ളത് രണ്ടുപേരും അവരവരുടെ ഭാഷയിൽ വ്യാഖ്യാനിച്ചു എന്നു സാരം. എന്റെ ഉള്ളിലും നിന്റെ ഉള്ളിലും കുടികൊള്ളുന്ന ചൈതന്യം ഒന്നു തന്നെ എന്ന് തിരിച്ചറിയുന്നവർക്ക് എന്തു ജാതി എന്തു മതം? സകലചരാചരങ്ങളിലും കുടികൊള്ളുന്ന സത്യം ഒന്നുതന്നെ എന്നു തിരിച്ചറിയുന്നവർക്ക് എന്തിനോടാണ് ഭേദഭാവം? കോടിയേരിയും കൂട്ടരും എത്ര വിയർപ്പൊഴുക്കിയാലും ഉദ്ദേശിച്ചത് നടപ്പില്ലെന്നുമാത്രമേ പറയാനുള്ളൂ. ആദി ശങ്കരന്റെ കേരളം തന്നെ ഗുരുദേവന്റെ കേരളവും. ആത്മോപദേശകശതകത്തിന്റെ ഒരു കോപ്പി വായിക്കുമെങ്കിൽ സൗജന്യമായി കോടിയേരിക്ക് അയച്ചുതരാം....
''കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ റിപബ്ലിക് ദിന പരേഢിൽ കേരളത്തിന്റെ പ്ലോട്ട് അനുവദിക്കാത്തതിനെ സംബന്ധിച്ച് ഒരു വ്യാജ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും ആ പ്രചരണം ശക്തമായിട്ട് സിപിഎംലെ സൈബർ വിഭാഗം നടത്തിക്കൊണ്ടിരിക്കുകയാണ്. ശ്രീനാരായണ ഗുരുദേവനെ റിപബ്ലിക് ദിന പരേഡിൽ നിന്ന് ഒഴിവാക്കി പകരം ശങ്കരാചാര്യരെ റിപ്പബ്ലികി ദിന പരേഡിൽ ഉൾപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചു. പച്ചക്കള്ളമാണ് കോടിയേരി പറഞ്ഞത്. നട്ടാൽ മുളക്കാത്ത നുണയാണ് കോടിയേരി പറഞ്ഞത്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി കേരളത്തിന്റെ പ്ലോട്ട് അനുവദിക്കുന്നില്ല. കാരണം ഒരു നിലവാരവുമില്ലാത്ത തികഞ്ഞ രാഷ്ട്രീയ പേക്കൂത്തുകൾ അവിടെ കൊണ്ടുപോയി കാണിക്കുന്ന പതിവ് കഴിഞ്ഞ രണ്ടുമൂന്നു വർഷമായി അനുവദിക്കുന്നില്ല. കേന്ദ്രഗവൺമെന്റ് ഒരു തരത്തിലും ശ്രീനാരായണ ഗുരുദേവനെ മാറ്റാനോ ശങ്കരാചാര്യരെ പുനപ്രതിഷ്ഠിക്കാനോ ഒന്നും പറഞ്ഞിട്ടില്ല. ഇത് തെറ്റായ പ്രചരണമാണ്. കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാുള്ള നീചമായിട്ടുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടുള്ളതാണ്. കേരളം ആദ്യം റിപ്പബ്ലിക് ദിന പരേഡ് പോലുള്ള ഉദാത്തമായിട്ടുള്ള ചടങ്ങുകളിൽ സ്വീകരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഒരു ഗൃഹപാഠം ചെയ്യണം. ദില്ലിയിലെ നാല് കമ്യൂണിസ്റ്റ്കാരെ കൂടി അവിടുന്ന് കുറച്ച് ചുള്ളിക്കാടും പറിച്ചുവച്ച് പ്ലോട്ടുണ്ടാക്കി കൊടുത്താൽ റിപബ്ലിക് ദിന പരേഡിൽ അത് അനുവദിക്കാറില്ല. ഇത്തവണ കൊവിഡ് കാലമായത് കൊണ്ട് പത്ത് സംസ്ഥാനങ്ങൾക്ക് മാത്രാമണ് അനുമതി ലഭിച്ചത്. പക്ഷേ അതിന്റെ പേരിൽ നീചമായ പ്രചരണം ശ്രീനാരായണ ഗുരുദേവനെ അദ്ദേഹത്തിന്റെ പ്രതിമ വലിച്ചു പൊട്ടിച്ച് ചെരിപ്പുമാല അണിയിച്ച് രണ്ട് കൊല്ലം മുമ്പ് കണ്ണൂരിലെ നഗരത്തിലൂടെ നടത്തിച്ചവരാണ് ഇപ്പോൾ ശ്രീനാരായണ ഗുരുവിന്റെ വക്താക്കളായി വന്നിരിക്കുന്നത്. ഗുരുദേവനെ ബൂർഷ്വാസികളുടെ പ്രതീകമാണെന്ന് പറഞ്ഞ് ആക്ഷേപിച്ചവരാണ്. ശ്രീനാരായണ ഗുരുദേവൻ പുരോഗമനവാദിയല്ലെന്ന് പറഞ്ഞ, നവോത്ഥാന നായകനല്ല എന്ന് പറഞ്ഞ ഇഎംഎസിന്റെ പാർട്ടിയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഗുരുദേവനെ ആക്ഷേപിച്ചിട്ടുള്ളത്, അധിക്ഷേപിച്ചിട്ടുള്ളത്. ഇന്ത്യൻ പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പോലും ശ്രീനാരായണ സന്ദേശങ്ങൾ വായിച്ചിട്ടുള്ള കാലമാണിപ്പോഴും. ദൈവദശകം ഈ രാജ്യം മുഴഉവൻ പ്രചരിപ്പിക്കുന്ന സർക്കാരാണ് ലോകം മുഴുവൻ ഗുരുദർശനങ്ങൾ പ്രചരിപ്പിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. പക്ഷേ കേരളത്തിൽ പച്ചയായ കള്ളം പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam