Shan Babu Murder : 'ഞാനൊരാളെ തീർത്തു'; ഷാൻ ബാബുവിനെ നിലത്തിട്ട ശേഷം അലറി വിളിച്ച് ജോമോൻ

By Web TeamFirst Published Jan 17, 2022, 10:51 AM IST
Highlights

ഇന്നലെ രാത്രി ഒൻപതരയ്ക്ക് വിമലഗിരിയിൽ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാൻ ബാബുവിനെ ജോമോനും മറ്റ് രണ്ട് പേരും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു

കോട്ടയം: പത്തൊൻപതുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുവന്നിട്ട ഗുണ്ട ജോമോൻ കാപ്പ ചുമത്തപ്പെട്ട നാട് കടത്തപ്പെട്ടയാൾ. എന്നാൽ കോടതിയിൽ നിന്ന് ഇളവ് നേടി കോട്ടയത്ത് എത്തിയതാണിയാൾ. സൂര്യനെന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാൻ ബാബുവിനെ കൊലപാതകത്തിൽ എത്തിയത്.

ഇന്നലെ രാത്രി ഒൻപതരയ്ക്ക് വിമലഗിരിയിൽ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാൻ ബാബുവിനെ ജോമോനും മറ്റ് രണ്ട് പേരും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. നിന്റെ ആരാണ് സൂര്യൻ എന്ന് ചോദിച്ച് ജോമോനും മറ്റ് രണ്ട് പേരും ഷാൻ ബാബുവിനെ ഓട്ടോറിക്ഷയിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Read More : ഒൻപതരയ്ക്ക് തട്ടിക്കൊണ്ടുപോയി. മൂന്നരയ്ക്ക് മൃതദേഹവുമായി ഗുണ്ട പൊലീസ് സ്റ്റേഷനിൽ

മകനെ കാണാനില്ലെന്ന് മനസിലാക്കിയ ഷാൻ ബാബുവിന്റെ അമ്മ രാത്രി ഒന്നരയോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി. കേസെടുത്ത് അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് ജോമോൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഷാൻ ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി വന്ന ജോമോൻ, 'ഞാനൊരാളെ തീർത്തു' എന്ന് അട്ടഹസിച്ചു. സ്റ്റേഷനിൽ അതിക്രമം കാട്ടി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ഇയാൾ.

<

സൂര്യനെന്ന ഗുണ്ടയെ വധിക്കാനാണ് പോയതെന്നും ജോമോൻ പൊലീസിനോട് പറഞ്ഞിരുന്നു. കാപ്പ ചുമത്തി നാടുകടത്തിയതാണ് ജോമോനെ. എന്നാൽ ഇതിനെതിരെ കോടതിയിൽ അപ്പീൽ കൊടുത്ത് ഇയാൾ കോട്ടയത്തേക്ക് തിരികെ വന്നു. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ ഒപ്പിടണമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിട്ടിരുന്നു. കാപ്പ ചുമത്തിയ വകുപ്പുകൾ കുറഞ്ഞുപോയത് കൊണ്ടാണ് ജോമോന് ഇളവ് ലഭിച്ചതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിമർശിച്ചത്. സംസ്ഥാനത്ത് ഗുണ്ടാ രാജാണെന്നും അദ്ദേഹം പറഞ്ഞു.
 

click me!