ബലാത്സംഗക്കേസ്; അദാനി ഉദോഗസ്ഥന്‍ ഹൈക്കോടതിയില്‍, ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്ന് വാദം

By Web TeamFirst Published Jan 17, 2022, 11:12 AM IST
Highlights

ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്ളാറ്റില്‍ എത്തിയതെന്നുമാണ് വാദം.

കൊച്ചി: ബലാത്സംഗ കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ (Thiruvananthapuram Airport) ചീഫ് എയര്‍പോര്‍ട്ട് ഓഫീസന്‍ മധുസൂദന റാവു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. ബലാത്സംഗ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്നാണ് ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നത്. ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്ളാറ്റില്‍ എത്തിയതെന്നുമാണ് വാദം. വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകള്‍ ഹൈക്കോടതിക്ക് കൈമാറി. പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷം ദിവസങ്ങളോളം സൗഹൃദം തുടര്‍ന്നു. ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തതു കൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും റാവു പറഞ്ഞു.

ചീഫ് എയർപോർട്ട് ഓഫീസർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് കേസ്. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം വിമാനത്താവലം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓഫീസർ. സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.

പൊലീസ് കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗീക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം. മധുസൂദന ഗിരി റാവുവിന്റെ പേര് പരാമർശിക്കാതെയാണ് അദാനി ഗ്രൂപ്പിന്റെ കുറിപ്പ്.

click me!