'അകേലേ ഹം അകേലേ തും' പാടി അഭിനയിച്ച ആമിര്‍ഖാന് അറിയാനാകും ആ ഗ്രാമം; 22 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട് അന്വേഷിക്കുകയാണ് ആമിന

By Web TeamFirst Published Nov 11, 2019, 11:21 PM IST
Highlights

ദില്ലിയിലെ മലയാളി മാധ്യമപ്രവർത്തകനായ പി ടി തു​ഫൈൽ ആണ് ഫേസ്ബുക്കിലൂടെ മറിയ ​ഫ്രാൻസിസിന്റെ കഥ പുറംലോകത്തെ അറിയിക്കുന്നത്. 

പതിനാല് വയസ്സുള്ളപ്പോൾ ഏതോ നാടോടി നൃത്തസംഘത്തിൽ നിന്നും വഴി തെറ്റി കട്ടപ്പനയിലെത്തിയതാണ് ആമിന​. കട്ടപ്പനയിലെ ബസ്സ് സ്റ്റാൻഡിൽ വഴിതെറ്റി എത്തിയ നാടോടിപ്പെൺകുട്ടിയെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടുന്ന് പൊലീസുകാർ ആ ഊമയായ നാടോടി പെണ്ണിനെ കട്ടപ്പനയിലെ ‘സ്​നേഹാശ്രമ’ത്തിൽ താമസിപ്പിച്ചു. പിന്നീട് 2003ൽ റോഡിമോൻ വർഗീസ്​ എന്ന സ്​നേഹസമ്പന്നനായ മനുഷ്യൻ അവളെ തന്റെ ജീവിതപങ്കാളിയാക്കി. അവർക്ക് ആറ് കുഞ്ഞുങ്ങളുണ്ടായി- കേൾക്കുമ്പോൾ ഒരു സിനിമക്കഥ പോലെ തോന്നുമെങ്കിലും സിനിമക്കഥയല്ല, ജീവിതമാണ്. ആമിന എന്ന മറിയ ​ഫ്രാൻസിസിന്റെ ജീവിതം. 

ഇന്ന് ഭൂതകാലത്തിലെ അവളുടെ വീട്ടിലേക്കുള്ള വഴി തേടുകയാണ് ആമിന​. ആകെ ഓർമയിലുള്ളത്​ ആമിർ ഖാനും ‘അകേലേ ഹം അകേലേ തും’ എന്ന ഹിന്ദി സിനിമ ഗാനത്തിൻെറ രംഗങ്ങളും മാത്രം. വർഷങ്ങൾക്കു മുമ്പ്​ ആ പാട്ട്​ ചിത്രീകരിച്ചത്​ ആമിനയുടെ ഗ്രാമത്തിൽ വച്ചായിരുന്നുവെന്ന് അവർ ഓർമ്മിക്കുന്നു. അന്ന്​ ആമിർ ഖാന്​ ഷേക്ക്​ ഹാൻഡ്​ കൊടുത്ത ഓർമ്മയും ആമിന പങ്കുവയ്ക്കുന്നു.

ദില്ലിയിലെ മലയാളി മാധ്യമപ്രവർത്തകനായ പി ടി തു​ഫൈൽ ആണ് ഫേസ്ബുക്കിലൂടെ മറിയ ​ഫ്രാൻസിസിന്റെ കഥ പുറംലോകത്തെ അറിയിക്കുന്നത്. ആലപ്പുഴയിൽ ഒരു യോഗത്തിന് പോയപ്പോൾ പരിചയപ്പെട്ട റോഡിമോൻ വർഗീസാണ്​ ആമിനയുടെ കഥ തുഫൈലിന്​ പറഞ്ഞ് കൊടുക്കുകയായിരുന്നു. എങ്ങനെയെങ്കിലും തന്റെ ജീവിത പങ്കാളിയുടെ കുടുംബത്തെ ക​ണ്ടെത്തണം എന്ന അപേക്ഷയോടെയായിരുന്നു റോഡിമോൻ മറിയയുടെ ജീവിത കഥ തുഫൈലിനെ അറിയിച്ചത്.  തന്റെ ​ഗ്രാമത്തെയും കുടുംബത്തെയും തിരയുന്ന മറിയ ​ഫ്രാൻസിസിനെ സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് കുറിപ്പ് പങ്കുവയ്ക്കുന്നതെന്ന് പി ടി തു​ഫൈൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇത് റോഡിമോൻ വർഗീസ്. കൂടെയുള്ളത് അദ്ദേഹത്തിന്റെ ഭാര്യ ആമിന എന്ന മറിയ ഫ്രാൻസിസും മക്കളും. ആലപ്പുഴയിലെ ഒരു യോഗത്തിന് പോയ സ്ഥലത്തു നിന്നാണ് ഞാൻ റോഡിമോനെ കാണുന്നത്. യോഗം കഴിഞ്ഞ് ആളുകളോട് കുശലം പറഞ്ഞിരിക്കുമ്പോൾ കൂട്ടത്തിൽ നിന്നും റോഡിമോൻ എന്റെ അടുത്ത് വന്നു. ഒരു കാര്യം പറയാനുണ്ട്, പോകുന്നതിനുമുമ്പ് ഒന്നു കാണണം എന്നു പറഞ്ഞു. ഞാൻ അതത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പോകാൻ നേരം അദ്ദേഹം വീണ്ടും അടുത്തു വന്നു. "എന്റെ ഭാര്യയുടെ ബന്ധുക്കളെ കണ്ടുപിടിക്കാനാണ്. തുഫൈൽ ഡൽഹിയിലായതു കൊണ്ട് സഹായിക്കാനായേക്കും," അദ്ദേഹം പറഞ്ഞു.

അതു കേട്ടപ്പൊഴേ എന്നിലെ പത്രപ്പ്രവർത്തകൻ ഉണർന്നു. ഇതു പോലെ ഓരോ സ്ഥലങ്ങളിൽ ഓരോ ആളുകളെ കാണാനും അവരുടെ കഥകൾ കേൾക്കാനുമുള്ള ഒരു നിയോഗമാണല്ലോ പത്രപ്രവർത്തക ജന്മം! "ഞാൻ വീട്ടിലേക്ക് വരാം. നാളെ ഫോണിൽ ബന്ധപ്പെടൂ" എന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തിന് ഫോൺ നമ്പർ കൈമാറി അവിടെ നിന്നിറങ്ങി. പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം വിളിച്ചു. ഉച്ചയോടെ ഞാൻ താമസിക്കുന്നിടത്തേക്ക് ഒരു വണ്ടിയുമായി എത്തി. മനോഹരമായ കുട്ടനാടൻ ഗ്രാമവീഥികളിലൂടെയുള്ള യാത്ര. വഴിയിൽ റോഡിമോൻ മനസ്സു തുറന്നു. കുട്ടനാടൻ വയലുകളേക്കാൾ പച്ചപ്പേറിയതും മനോഹരമായതുമാണ് ആ മനസ്സ്.

വഴിയിൽ ഇരു വശങ്ങളിലും നിറഞ്ഞു നിൽക്കുന്ന കായൽപരപ്പുകളിലും ആഴമേറിയ സ്നേഹത്തിന്റെയും കദനത്തിന്റെയും കഥയാണ് റോഡിമോൻ പറഞ്ഞു തുടങ്ങിയത്. ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നും ആലപ്പുഴയിലെ എടത്വയിലേക്ക് ഒരു വാടക വീടെടുത്ത് താമസം മാറിയെത്തിയതാണ് റോഡിമോനും മറിയയും. ആശാരിപ്പണിയെടുത്താണ് റോഡിമോൻ കുടുംബം പുലർത്തുന്നത്. കുമളി വനമേഖല ആയതു കൊണ്ട് മരത്തടിയിൽ ഫോറസ്റ്റുകാരുടെ കണ്ണുകളും നിയന്ത്രണങ്ങളും ഉള്ളതുകൊണ്ട് ആശാരിപ്പണി അവിടെ ബുദ്ധിമുട്ടായിരുന്നു എന്ന് റോഡിമോൻ പറയുന്നു. അതുകൊണ്ടാണ് മറിയയെയും കൂട്ടി ആലപ്പുഴയിലേക്ക് താമസം മാറിയത്.

22 വർഷങ്ങൾക്കു മുമ്പ് കട്ടപ്പനയിലെ 'സ്നേഹാശ്രമം' എന്ന ഒരു അനാഥാലയത്തിൽ വെച്ചാണ് റോഡിമോൻ മറിയയെ ആദ്യം കാണുന്നത്. അന്ന് റോഡിമോൻ പത്താം ക്ളാസിൽ പഠിക്കുകയായിരുന്നു. സ്നേഹാശ്രമത്തിന്റെ പ്രവർത്തനങ്ങളിൽ റോഡിമോനും ആ നാട്ടിലെ മറ്റു ചെറുപ്പക്കാരും സജീവമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. 1998 ലെ ഒരു സായാഹ്നത്തിലാണ് ആമിന എന്ന മറിയ സ്നേഹാശ്രമത്തിൽ എത്തിപ്പെടുന്നത്. അന്ന് കട്ടപ്പനയിലെ ബസ്സ് സ്റ്റാന്റിൽ വഴിതെറ്റി എത്തിയ നാടോടിപ്പെൺകുട്ടി വൈകുന്നേരമായിട്ടും എങ്ങും പോകാനില്ലാതെ വിഷമിച്ചിരിക്കുന്നതു കണ്ടപ്പോൾ കുറച്ച് ഓട്ടോ ഡ്രൈവർമാർ അവളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

പൊലീസ് അവളെ സ്നേഹാശ്രമത്തിലും എത്തിച്ചു. ആമിനക്ക് സംസാരശേഷിയും കേൾവി ശക്തിയും ഇല്ല. കൈയിൽ ഇസ്ലാം വിശ്വാസത്തെ സൂചിപ്പിക്കുന്ന '786' എന്ന് പച്ച കുത്തിയിട്ടുണ്ട്. കൈസഞ്ചിയിൽ നൃത്തത്തിനുള്ള വേഷങ്ങളുണ്ട്. അന്ന് 14 വയസ്സ് പ്രായം തോന്നിച്ചിരുന്നു. ഏതോ നാടോടി നൃത്തസംഘത്തിൽ നിന്നും വഴി തെറ്റി എത്തിയതായിരുന്നു. അന്ന് അവളിൽ നിന്നും ലഭിച്ച സൂചന അനുസരിച്ച് ആശ്രമത്തിലെ ആളുകൾ പലയിടങ്ങളിലും അവളുടെ ബന്ധുക്കളെ തേടിയിരുന്നു.

ആറു വർഷം കഴിഞ്ഞ് - 2003 ൽ - റോഡിമോൻ ആമിനയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ആരുമില്ലാത്ത ആമിനക്ക് റോഡിമോൻ ഒരു തുണയും ആശ്രയവുമായി. കുറച്ച് എതിർപ്പുകൾ അവിടുന്നും ഇവിടുന്നും ഉയർന്നു വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് റോഡിമോൻ ആമിനയെ വിവാഹം ചെയ്തു. റോഡിമോൻ അവളെ മറിയ ഫ്രാൻസിസ് എന്നു വിളിച്ചു. സംസാരശേഷിയും കേൾവി ശക്തിമില്ലാത്ത ആമിനയോട് റോഡിമോൻ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ചു. മറിയ റോഡിമോന് നക്ഷത്രങ്ങളെ പോലെയുള്ള ആറു കുഞ്ഞുങ്ങളെ സമ്മാനിച്ചു.

ആ കുടുംബം അങ്ങനെ സന്തോഷത്തിൽ കഴിയുമ്പൊഴാണ് പത്രത്തിൽ റോഡിമോൻ പാക്കിസ്താനിൽ അകപ്പെട്ടു പോയി പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗീതയെക്കുറിച്ചുള്ള വാർത്തകൾ കാണുന്നത്. ഗീതയുടെയും മറിയയുടെയും അനുഭവം ഏതാണ്ട് സമാനമാണെന്ന് റോഡിമോൻ കണ്ടു. ഗീതക്കും മറിയയെ പോലെ തന്നെ സംസാരശേഷിയും കേൾവി ശക്തിയും ഇല്ല. കുഞ്ഞിലേ ഏതോ ട്രെയിനിൽ കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട് വഴിതെറ്റി പാക്കിസ്ഥാനിലെത്തിയ ഗീതയെ അവിടുത്തെ ഈദി ഫൗണ്ടേഷൻ എന്ന ഒരു സന്നദ്ധസംഘടന ഏറ്റെടുത്ത് സംരക്ഷിച്ചു.

അവൾക്ക് 20 വയസ്സായപ്പോൾ ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഗീതയെക്കുറിച്ച് അറിഞ്ഞ് അവളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരാൻ ഏർപ്പാട് ചെയ്യുകയും ഇന്ത്യയുടെ പുത്രി എന്ന് വിളിച്ച് ആഘോഷപൂർണമായ സ്വീകരണം നൽകുകയും ചെയ്തു. ശേഷം മന്ത്രിയുടെ തന്നെ മേൽനോട്ടത്തിൽ ഗീതയുടെ വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടു പോയ അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമങ്ങളുമാരംഭിച്ചു. ഗീതയുടെ ലക്ഷണങ്ങൾ കേട്ട് മക്കളെ നഷ്ടപ്പെട്ട നിരവധി ദമ്പതികൾ ഗീതയെ തേടിയെത്തി. പക്ഷെ, അവർക്കാർക്കും ഗീതയുടെ മാതാപിതാക്കളായി ഇതുവരെ സ്വയം സ്ഥാപിക്കാനായിട്ടില്ല.

അവിടെയാണ് റോഡിമോന്റെ മനസ്സുണർന്നത്. ഗീതയെ തേടി വരുന്നവരുടെ കൂട്ടത്തിൽ സമാന ലക്ഷണങ്ങളോടു കൂടിയ ആമിനയുടെ മാതാപിതാക്കളും ഉണ്ടെങ്കിലോ? അങ്ങനെയാണ് റോഡിമോൻ മറിയയോട് തന്റെ ഭൂതകാലത്തെക്കുറിച്ച് വീണ്ടും ചോദിച്ചു തുടങ്ങിയത്. ആദ്യമാദ്യം മറിയ അതിനോട് ശുഭപ്രതീക്ഷ വെച്ചുപുലർത്തിയില്ലെങ്കിലും പിന്നീട് റോഡിമോന്റെ പ്രോൽസാഹനം കാരണം മറിയയിലും ആ ആഗ്രഹം വീണ്ടും തീവ്രമായി ഉടലെടുത്തു. ഓർമ്മക്കയത്തിൽ മുങ്ങി മറിയ അവളുടെ ഭൂതകാലത്തിൽ നിന്നും പലപല അടയാളങ്ങളുടെ മുത്തുച്ചിപ്പികൾ പെറുക്കിയെടുത്തു. അപ്പോഴാണ് റോഡിമോന് മനസ്സിലായത് കുഞ്ഞുങ്ങൾക്ക് പലപ്പോഴും മറിയ വരച്ചു കൊടുത്തിരുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള വലിയ സ്തൂപത്തിന്റെയും ദേശീയ പതാകയുടെയും ചിത്രം മറിയയുടെ ഗ്രാമത്തിൽ അവൾക്ക് ഓർമ്മയുള്ള ഒരു സ്ഥലത്തിന്റെ  ചിത്രമായിരുന്നു എന്ന്.

കുട്ടനാടൻ കായൽ തീരത്തെ ഒന്നാം നിലയിലെ അവരുടെ വാടക മുറിയിലേക്ക് ഞാൻ എത്തുമ്പോൾ മറിയ കുട്ടികളെ മുറിയിൽ കളിക്കാൻ ഇരുത്തി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. കണ്ടാൽ ഇപ്പോൾ അവർ ഒരു മലയാളി സ്ത്രീ അല്ല എന്ന് ആരും പറയില്ല. ഉറുദു പോലെ ഒരു ലിപിയിൽ അവർക്ക് എഴുതാൻ അറിയാം. കൂട്ടം തെറ്റി കട്ടപ്പനയിൽ എത്തിയ യാത്രയിൽ ഇടയ്ക്കെപ്പൊഴോ ഒരു അപകടം സംഭവിച്ചതായി അവർ ഓർക്കുന്നുണ്ട്.. അവരുടെ ഗ്രാമത്തിൽ പണ്ടെന്നോ ഒരു സംഘർഷമുണ്ടായതും അവർ ഓർക്കുന്നുണ്ട്. ആറു സഹോദരങ്ങൾ ഉണ്ടായിരുന്നു അവർക്ക് എന്നും പറയുന്നു.

അവരുടെ വീടിന്റെ പരിസരം ഓർമയിൽ നിന്നെടുത്ത് അവർ എനിക്ക് വരച്ചു കാണിച്ചു തന്നു. അതിൽ കാണിച്ച ദേശീയ പതാക നിൽക്കുന്ന തൂണിന്റെ അടിവശം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അതിന് നാല് അടി വീതിയും രണ്ട് അടി പൊക്കവും ഉണ്ട്. വീടുകൾ നിരനിരയായി നിൽക്കുന്നു. വീടുകളുടെ ഇടവഴിയിലും ഫ്ലാഗിന്റെ ചുറ്റിലും കല്ല് പാകിയിരിയ്ക്കുന്നു. ഈ വീടുകളുടെ നാല് ചുറ്റിലും വലിയ റോഡുകൾ ഉണ്ട്‌. ഈ കോമ്പൗണ്ടിനുള്ളിൽ തന്നെ ഒരു മോസ്കും ഉണ്ട്. അതിനു പിറകിൽ റെയിൽപാതയുണ്ട്. ഒരു നിരയിൽ മുപ്പതിന് മുകളിൽ വീടുകൾ ഉണ്ടാകും. അങ്ങനെ പല നിര വീടുകൾ. ഈ നിരകൾക്കിടയിലൂടെ ഓട്ടോയും ബൈക്കും പോവാൻ പറ്റിയ വീതിയുണ്ട്.

ഒരിക്കൽ ബോളിവുഡ് താരം അമീർഖാന്റെ ഫോട്ടോ കണ്ടപ്പോൾ താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ഷെയ്ക്ഹാന്റ് കൊടുത്തിട്ടുണ്ടെന്നും മറിയ റോഡിമോനോട് പറഞ്ഞിരുന്നു. അന്ന് റോഡിമോനത് കാര്യമാക്കിയിരുന്നില്ല. എന്നാൽ ഒരിക്കൽ ടി.വിയിൽ അമീർ ഖാൻ അഭിനയിച്ച 'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീൻ കാണാനിടയായപ്പോൾ പെട്ടെന്ന് മറിയക്ക് ഓർമകളുടെ ഒരു വേലിയേറ്റമുണ്ടാവുകയും ആ പാട്ട് സീൻ ചിത്രീകരിച്ചത് തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു പാർക്കിൽ നിന്നാണെന്നും അതിന്റെ ചിത്രീകരണത്തിനിടക്കാണ് അമീർ ഖാനെ കണ്ടതും ഷെയ്ക് ഹാന്റ് കൊടുത്തതെന്നും മറിയ പറഞ്ഞു.

റോഡിമോൻ ഇപ്പോൾ ആ സിനിമയുടെ സംവിധായകനെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. ആ പാട്ട് ചിത്രീകരിച്ച ലൊക്കേഷൻ കണ്ടെത്താനും. അതു പോലെ ഗീതയുടെ അച്ഛനമ്മമാരെ കണ്ടെത്താൻ സഹായിക്കുന്ന ഡൽഹിയിലെ വക്കീലിനെ ബന്ധപ്പെടണം. ഗീതയെ തേടിയെത്തി മടങ്ങുന്നവരിൽ ആമിനയുടെ രക്ഷിതാക്കളുണ്ടോ എന്ന് തിരക്കണം. തനിക്ക് ആറു കുഞ്ഞുങ്ങളെ സമ്മാനിച്ച തന്റെ ജീവിതസഖിക്ക് അവളുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും കണ്ടെത്തിക്കൊടുക്കണം.

ആശാരിപ്പണി ചെയ്ത് വാടകവീട്ടിൽ കുടുംബം പുലർത്തുന്നതിനിടയിൽ റോഡിമോന് ഇനി അതാണ് ജീവിതലക്ഷ്യം. കുട്ടനാടൻ കായലു പോലെ ആ മോഹത്തിന് ആഴവും പരപ്പും കൂടുകയാണ്. ഹൃദയം കൊണ്ട് മാത്രം സംസാരിക്കാനും മനസ്സു കൊണ്ട് മാത്രം കേൾക്കാനുമാകുന്ന മറിയയുടെ ഉള്ളു തുറന്നുള്ള ചിരി കാണുമ്പോൾ ആ മോഹം കുട്ടനാടൻ കാറ്റുകളുടെ തേരേറി പറക്കുകയാണ്.

 

 

 

click me!