ഇഷ്ട മദ്യശാല തെരഞ്ഞെടുക്കല്‍; തീരുമാനം എടുക്കേണ്ടത് കെഎസ്ബിസിയെന്ന് ഫെയര്‍ കോഡ്

By Web TeamFirst Published May 31, 2020, 4:03 PM IST
Highlights

നിലവിൽ മദ്യം ബുക്ക് ചെയ്യുന്ന ആൾ നൽകുന്ന പിൻകോഡിന് ഇരുപതു കിലോമീറ്റർ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കൺ ലഭിക്കുന്നത്. ഇത് പലർക്കും ബുദ്ധിമുട്ടായിട്ടുണ്ട്. 

തിരുവനന്തപുരം: ബെവ്‍ക്യൂ ആപ്പ് വഴി ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ മദ്യശാലകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ബെവറേജസ് കോർപ്പറേഷനാണെന്ന് ഫെയർ കോഡ്. ആപ്പു വഴി ഈ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. നിലവിൽ മദ്യം ബുക്ക് ചെയ്യുന്ന ആൾ നൽകുന്ന പിൻകോഡിന് ഇരുപതു കിലോമീറ്റർ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കൺ ലഭിക്കുന്നത്. ഇത് പലർക്കും ബുദ്ധിമുട്ടായിട്ടുണ്ട്. 

ആദ്യം ബുക്കു ചെയ്യുന്നവർക്ക് പിൻകോഡിന് സമീപത്തെ ശാലകളിലേക്ക് ടോക്കൺ ലഭ്യമാക്കനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തും. മദ്യശാലകള്‍ ജില്ല അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പിൽ വേണമെന്ന് കെഎസ്ബിസി ആവശ്യപ്പെട്ടിരുന്നു. ഇത് ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നു മുതൽ ഈ സൗകര്യം ഏർപ്പെടുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ബെവ്കോയാണ്. 

ടോക്കണുകളിലെ ക്യൂ ഓർ കോഡ് സ്കാൻ ചെയ്യുന്നതിനുള്ള സൗകര്യവും ആയിട്ടില്ല. ഇത് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതു വരെ ഓരോ കടകളിലും ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ബെവ്കോ നൽകും. ഒരോ മണിക്കൂറിലും എത്ര പേർ ബുക്ക് ചെയ്തു, എല്ലാ കടകളിലും കൃത്യമായ ബുക്കിംഗ് ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള മാറ്റങ്ങളും സോഫ്റ്റ് വെയറിൽ വരുത്തുന്നുണ്ട്. പതിനാലു ലക്ഷം പേർ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചത്തേക്കുള്ള ബുക്കിംഗ് നാളെ വൈകുന്നേരം മുതൽ ആരംഭിക്കും.

click me!