
ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ
സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി.
ഇടുക്കി കണ്ണംപടി പുത്തൻ പുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ ഇരുപതാം തീയതിയായിരുന്നു സംഭവം. സംഭവം വിവാദമായതോടെ സർക്കാർ നിർദ്ദേശ പ്രകാരം വനംവകുപ്പ് സിസിഎഫ് നീതു ലക്ഷ്മി അന്വഷണം നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലന്നും കണ്ടെത്തി.
ഇതോടെ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. അനിൽ കുമാർ ഉൾപെടെ ഒൻപതു ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. സരുണിന്റെ പരാതിയിൽ 13 ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തു. സരുൺ സജിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസ് വനം വകുപ്പു പിൻവലിക്കുകയും ചെയ്തു.
ബി രാഹുൽ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും അറസ്റ്റിലാകുകയും റിമാൻഡിൽ കഴിയേണ്ടി വരികയും ചെയ്തു. മനുഷ്യാവകാശ കമ്മീഷനും പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. സരുൺ സജിയുടെ കുടുംബവും ഉള്ളാട മഹാസഭയും നടത്തിയ സമരത്തെ തുടർന്ന് പ്രതികളായ വനവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കി. 2024 ജനുവരിയിൽ പ്രോസിക്യൂഷൻ അനുമതി തേടി പോലീസ് സർക്കാരിന് കത്തു നൽകി. എന്നാൽ പ്രതികളുടെ സ്വാധീനം മൂലം ഒരു വർഷത്തിനു ശേഷമാണ് അനുമതി നൽകിയത്. പ്രോസിക്യൂഷൻ അനുമതി ലഭിച്ചതിനാൽ താമസിയാതെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam