
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ‘ഉന്നതകുലജാതര്‍’ കൈകാര്യം ചെയ്യണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്ഗോപി പിന്തുടരുന്നതെന്നും ബി ജെ പി എന്നും ചാതുർ വർണ്യത്തിൻ്റെ കാവൽക്കാരാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ബി ജെ പി എന്നും ചാതുർ വർണ്യ ആശയത്തിനൊപ്പമാണെന്നും ആ ആശയത്തിന് ആദിവാസികളെ വെറുപ്പാണെന്നും അത് കൊണ്ടാണ് സുരേഷ് ഗോപിക്ക് ഇങ്ങനെ പറയാൻ കഴിയുന്നതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
പാർലമെൻറ് ഉദ്ഘാടനത്തിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഒഴിവാക്കിയവരാണ് ബി ജെ പി. അയോധ്യ പ്രതിഷ്ഠ ചടങ്ങിലും രാഷ്ട്രപതി ഉണ്ടായിരുന്നില്ല. സുരേഷ് ഗോപിയുടെ വാക്കുകൾ യാദിർശ്ചികമല്ലെന്നും ബി ജെ പിയുടെ ചാതുർ വർണ്യ ആശയത്തിന്‍റെ തുടർച്ചയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് പറഞ്ഞാൽ കേന്ദ്ര സഹായം അനുവദിക്കാമെന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ പരാമർശത്തെയും സി പി ഐ സംസ്ഥാന സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. കേരളം പിന്നോക്കം ആണെന്ന് പറഞ്ഞാൽ സഹായം അനുവദിക്കാമെന്ന് പറഞ്ഞ മന്ത്രിയോട് കേരളത്തിന് പറയാനുള്ളത്, 'അങ്ങിനെ പറയാൻ മനസില്ല' എന്നാണെന്നായിരുന്നു ബിനോയ് വിശ്വം വ്യക്തമാക്കിയത്. ഭരണഘടനയുടെ മൂല്യങ്ങൾ അറിയാത്ത കേന്ദ്ര മന്ത്രിമാർ ഓരോന്ന് ജൽപ്പിക്കുകയാണ്. ബി ജെ പിയുടെ യഥാർത്ഥ മുഖം കേരളം തിരിച്ചറിയുന്നുവെന്നും കേന്ദ്ര മന്ത്രിമാരുടെ ഈ പരാമർശങ്ങളിൽ നാളെ സി പി ഐയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam