
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസ് ഒളിവിലായിട്ട് ഇന്നേക്ക് അഞ്ച് ദിവസം. ഈ സാഹചര്യത്തിൽ കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് പൊലീസ്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്eറ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.
നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.
വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. അതേസമയം, നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.
അതിനിടെ, നിഖിൽ പഠിച്ച ബാച്ച് ഓർമ ഇല്ലെന്നാണ് കോളേജിന്റെ ആഭ്യന്തരസമിതിൽ കോമേഴ്സ് മേധാവി നൽകിയ വിശദീകരണം. പ്രവേശനത്തിന് എത്തിയപ്പോൾ നിഖിൽ പഠിച്ച ബാച്ച് ഓർമ്മ വന്നില്ലെന്നാണ് കൊമേഴ് തലവനായ സോണി പി.ജോയി ആഭ്യന്തരസമിതിയോട് വിശദീകരിച്ചത്. സെനറ്റിലെ ഇടതുപക്ഷ അംഗമാണ് സോണി. കോളേജിന്‍റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിഖിലിന്‍റെ പ്രവേശനമെന്നുമാണ് ആഭ്യന്തര സമിതിയുടെ റിപ്പോർട്ട്. എന്നാൽ വ്യാജ ഡിഗ്രിക്കേസിൽ കൊമേഴ്സ് വിഭാഗം തലവന്‍റേത് വിചിത്രവാദമെന്ന് എംഎസ്എം കോളേജ് യൂണിയൻ ചെയർമാർ ഇർഫാൻ പറഞ്ഞു.
കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖിൽ. നിഖിൽ തോമസിനെ അടിയന്തിരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു. ഇതിന് സംസ്ഥാന നേതൃത്വം അനുമതി നൽകി. ആലപ്പുഴ നഗരസഭാ കൗൺസിലർ എ ഷാനവാസിനെയും പുറത്താക്കിയെന്ന് സിപിഎം വാർത്താക്കുറിപ്പിൽ അറിയിച്ചു. ലഹരിക്കടത്ത് കേസിലാണ് ഷാനവാസിനെതിരായ നടപടി.
കെ വിദ്യയെ കസ്റ്റഡിയിലെടുത്തത് പാർട്ടി നേതാക്കളുടെ അറിവോടെ, ആസൂത്രിത നാടകം: രമേശ് ചെന്നിത്തല
വ്യാജഡിഗ്രി: നിഖിലിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവ്, നിർണായക മൊഴി പൊലീസിന്