
കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ഉണ്ടാക്കിയെന്ന കേസിൽ കുറ്റപത്രം അടുത്ത മാസം ആദ്യം സമർപ്പിക്കും. ഫാ. പോൾ തേലക്കാട് അടക്കം മൂന്നു വൈദികർ അദ്യ പ്രതിപ്പട്ടികയിൽ ഉണ്ടാകും. കേസിൽ അറസ്റ്റിലായ അദിത്യൻറെ സുഹൃത്ത് വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കിയേക്കുമെന്നാണ് വിവരം.
സഭാ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്ന് വരുത്തി തീർക്കാനാണ്, വ്യാജ ബാങ്ക് രേഖ ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കോന്തുരുത്തി സ്വദേശി ആദിത്യനാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ രേഖ തയ്യാറാക്കിയതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ആദിത്യനെയും സുഹൃത്ത് വിഷ്ണുവിനെയും പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. പോൾ തേലക്കാട്ട്, ഫാ. ആൻറണി കല്ലൂക്കാരൻ, ഫാ. സണ്ണി കളപ്പുര എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നായിരുന്നു ആദിത്യൻറെ മൊഴി.
അറസ്റ്റ് ഉറപ്പായതോടെ വൈദികർ ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. മൂന്നു വൈദികരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഒപ്പം മറ്റു രണ്ടു വൈദികരുടെ പങ്കിലും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ബംഗളുരുവിൽ ഐടി വിദ്യാർത്ഥിയായ വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ സർക്കാരിൻറെ പരിഗണനയിലാണ്. 2019 ജനുവരിയിൽ നടന്ന സിനഡിലായിരുന്നു മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് കർദിനാളിന് എതിരായ രേഖകൾ ഹാജരാക്കിയത്. എന്നാൽ സിനഡ് പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. രേഖ, സിനഡിൽ ഹാജരാക്കിയ മനത്തോടത്തിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam