
തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരി കേസിൽ എക്സെസിനെതിരെ കേസിൽ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് മെല്ലേ പോക്കെന്ന് ഷീല സണ്ണി ആരോപിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനോ പിടികൂടാനോ ആയില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം അറിയിച്ചെന്നും ഷീല വെളിപ്പെടുത്തി. കേസിൽ അട്ടിമറിയുണ്ടാകുമോ എന്ന് ഭയമെന്നും ഷീല പറഞ്ഞു.
ഷീലക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്യൂട്ടീപാര്‍ലറിലെത്തി ഷീലയെ അറസ്റ്റ് ചെയ്തെന്നാണ് സതീശന്‍ നല്‍കിയ മൊഴി. എന്നാല്‍ സ്കൂട്ടറില്‍ നിന്നിറങ്ങിയ ഷീലയെ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നെന്നാണ് സതീശന്‍ നല്‍കിയ മൊഴി. ഇക്കാര്യങ്ങളും എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും.
കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നില്‍ സതീശന്‍ ഔദ്യോഗിക ഫോണ്‍ ഹാജരാക്കിയിട്ടുണ്ട്. ഫോണ്‍ വിശദ പരിശോധനയ്ക്ക് പൊലീസ് സൈബര്‍ സെല്ലിന് കൈമാറാനാണ് തീരുമാനം. അതിനിടെ ഷീലയ്ക്ക് വീണ്ടും ബ്യൂട്ടി പാര്‍ലര് തുറക്കാനുള്ള സഹായ വാഗ്ദാനവുമായി മലപ്പുറം കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള തണൽ സംഘടന മുന്നോട്ടുവന്നു.
ഷീലാ സണ്ണിയെ മന്ത്രി എംബി രാജേഷ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസിൽ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളിൽ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam