ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്.

കൊല്ലം: കൊല്ലം പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാർക്ക് നേരെ ആക്രമണം. കെ.എസ്.യു നേതാവ് ടോജിൻ ഉൾപ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ. രാജീവിൻ്റെ തലയ്ക്ക് പരിക്കേറ്റു. എഎസ്ഐ ശ്രീജിത്തിൻ്റെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. പള്ളിത്തോട്ടം സ്റ്റേഷനിലെ പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രിയാണ് സംഭവമുണ്ടായത്. ക്രിസ്മസിനോട് അനുബന്ധിച്ച് ലഹരി വിൽപന തടയുന്നതിന് വേണ്ടി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഹരിവിൽപന നിരീക്ഷിക്കാൻ വേണ്ടിയാണ് പള്ളിത്തോട്ടം സ്റ്റേഷനിലെ പൊലീസുകാര്‍ ഈ ഭാഗത്ത് പട്രോളിംഗ് നടത്തിയത്. ആ സമയത്താണ് ആക്രമണം നേരിട്ടത്. 

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പൊലീസുദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ ചികിത്സയിൽ തുടരുകയാണ്.