
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയക്കടക്കം 30 പേർക്ക് കൊവിഡ് ബാധിച്ചെന്നും ക്ഷേത്രം അടച്ചെന്നുമുള്ള പ്രചാരണം വ്യാജം. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ക്ഷേത്ര ഭരണ സമിതി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.
മേൽശാന്തിയക്കടക്കം 30 പേർക്ക് കൊവിഡ് ബാധിച്ചെന്നും ഗുരുവായൂർ ക്ഷേത്രം അടച്ചെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ഭരണസമിതി വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് ഒന്നു രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനം നിർത്തിയിരുന്നു.
കൊടിമരത്തിന് സമീപത്തുനിന്നാണ് ദർശനം നല്‍കുന്നത്. ആ സ്ഥിതിയിൽ നിന്ന് യാതൊരു മാറ്റവും ഇല്ല. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും ഭരണസമിതി അറിയിച്ചു. നേരത്തെ, കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡിസംബർ ആറാം തീയതി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തരെ നാലമ്പലത്തിൽ കയറ്റില്ല.
നിലവിലുണ്ടായിരുന്ന രീതിയിൽ കിഴക്കേ നടയിൽ കൊടിമരത്തിന് സമീപത്ത് നിന്നായിരിക്കും ദർശനം അനുവദിക്കുക. വെർച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിന് നൽകുന്ന പാസുകളുടെ എണ്ണം 2000 ആയി നിജപ്പെടുത്താനും തീരുമാനിച്ചിരുന്നു.
വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും, ശ്രീകോവിൽ നെയ്‍വിളക്ക് പ്രകാരമുള്ള പ്രത്യേക ദർശനത്തിനും നാലമ്പലപ്രവേശനം ഒഴികെയുള്ള നിലവിലുള്ള സൗകര്യങ്ങൾ തുടരും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുകയെന്നും ഗുരുവായൂർ ക്ഷേത്രസമിതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam