
കണ്ണൂർ: പയ്യന്നൂരിൽ (Payyannur) വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ വ്യാജ പീഡന പരാതി (Fake POCSO Case) നൽകിയ സംഭവത്തിൽ എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം. ഡിഐജി സേതുരാമൻ( DIG Sethuraman) കണ്ണൂർ റൂറൽ എസ്പിക്ക് (Kannur Rural SP) ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ ശിക്ഷാ നടപടി ഉണ്ടാകുമെന്ന് ഡിഐജി പറഞ്ഞു. വ്യക്തി വൈരാഗ്യം കാരണമായിരുന്നു വ്യാജ പീഡന പരാതി നൽകിയത്.
വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ നൽകിയ പീഡന പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു എസ്ഐ, പതിനാറുകാരിയായ സ്വന്തം മകളെക്കൊണ്ട് ഷമീം എന്നയാൾക്കെതിരെ പോക്സോ പരാതി നൽകിച്ചത്.
പോക്സോ പരാതി ആയതിനാൽ എസ്ഐയുടെയും മകളുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. കഴിഞ്ഞ ആഗസ്ത് പത്തൊമ്പതിനാണ് സംഭവം. പയ്യന്നൂർ പെരുമ്പയിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്ഐ തന്റെ കാറ് അടുത്തുള്ള ടയറ് സർവ്വീസ് കടയുടെ മുന്നിൽ നിർത്തിയിട്ടു. സർവ്വീസിനായി എത്തുന്ന മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ കാറ് നീക്കിയിടാൻ മാനേജർ ഷമീം ആവശ്യപ്പെട്ടു. പിറ്റേന്ന് വെകുന്നേരം പൊലീസ് യൂണിഫോമിൽ ജീപ്പുമായി എസ്ഐ കടയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് വിരട്ടി.
എസ്ഐക്കെതിരെ ഷമീം എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാൽ എസ്ഐയെ സ്ഥലം മാറ്റി. ഇതോടെ സ്വന്തം മകളെ കൊണ്ട് ഷമീമിനെതിരെ പീഡന പരാതി നൽകിക്കുകയാണ് എസ്ഐ ചെയ്തത്. അന്ന് എസ്ഐ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു ആരോപണം. ഇത് വ്യാജ പരാതിയാണെന്ന് ഷമീം എസ്പിയെ കണ്ട് ധരിപ്പിച്ചു. എസ്പി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാർ രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ ഷമീമിനെതിരെയുള്ള പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട് നൽകി. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും വിശദമായി പരിശോധിച്ചായിരുന്നു ഈ കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam