
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ. നാല് സ്റ്റാമ്പ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് 15 വാടക കരാറുകൾ ഉണ്ടാക്കി കൊച്ചി കോർപ്പറേഷൻ 25 ഡിവിഷനിലാണ് വ്യാജ വോട്ടർമാരെ ചേർക്കാൻ ശ്രമം നടന്നത്. കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിലാണ് കളക്ടറുടെ നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ഹിയറിങ്ങിന് വിളിച്ചപ്പോൾ ആരോപിതരായ 42 പേരും ഹാജരായിരുന്നില്ല. വോട്ടർ പട്ടികയിൽ നിന്ന് ഇവരെ നീക്കം ചെയ്യാനും ഇവർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്യാനും ഇലക്ഷൻ സെൽ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസമാണ് വോട്ട് ചോരിക്ക് സമാനമായ ആരോപണം എറണാകുളത്ത് കോൺഗ്രസ് ഉന്നയിച്ചത്. മറ്റ് ജില്ലകളിൽ നിന്നുള്ള ആളുകളെയാണ് ലിസ്റ്റിൽ ചേർത്തതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. തൃശൂർ, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ നിന്നാണ് ഇത്തരത്തിൽ വോട്ട് ചേർത്തിരിക്കുന്നത്. എൽ ഡി എഫിന്റെ സംഘടിതമായ ശ്രമമാണ് ഇതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വാടകച്ചീട്ടുകൾ ഉണ്ടെങ്കിലും ഇവരൊന്നും അവിടെ താമസിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.