
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നവരെ, വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. വാട്‍സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. വാട്‍സാപ്പ് ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകൾ വ്യാജമാണെന്ന് ബൈജു കൊട്ടാരക്കര മൊഴി നൽകി.
ദിലീപിന്റ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നാണ് 'ദിലീപിനെ പൂട്ടണം' എന്ന ഗ്രൂപ്പിലെ വാട്‍സാപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് കിട്ടിയത്. ചലച്ചിത്ര പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫൈലുകൾ ഉള്ള ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഫോണിൽ ഉണ്ടായിരുന്നത്. പി.സി.ജോർജിന്‍റെ മകൻ ഷോൺ ജോർജാണ് ഈ സ്ക്രീൻ ഷോട്ട് അനൂപിന് അയച്ചിട്ടുള്ളത്. സ്ക്രീൻ ഷോട്ടിൽ പേരുകൾ ഉള്ള ചിലരുടെ മൊഴി എടുത്തതിൽ നിന്ന് ഇങ്ങനെ ഒരു ഗ്രൂപ്പിൽ അവർ അംഗങ്ങളല്ലെന്ന് വ്യക്തമായി. ഇതോടെയാണ് അതിജീവിതയ്ക്കൊപ്പം നിന്നവരെ അപമാനിക്കാൻ വേണ്ടി വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടേയും ചലച്ചിത്ര രംഗത്തുള്ളവരുടേയും മൊഴിയെടുത്തു.
2017 നവംബറിൽ ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വാട്‍സാപ്പ് ചാറ്റുകൾ പ്രത്യക്ഷപ്പെട്ടത്. നടനെ കുടുക്കാൻ ചിലർ ശ്രമിച്ചിരുന്നുവെന്ന് ആരാധകർക്കിടയിൽ പ്രചരിപ്പിക്കാനാണ് വ്യാജ ചാറ്റുകൾ തയ്യാറാക്കിയതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഗ്രൂപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ച ശേഷമാകും ഷോൺ ജോർജിന്റെ മൊഴിയെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam