'കോടതിയുടെ അന്തസ് ഉയർത്തുന്നത്'; ഇപിക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്ത് സുധാകരൻ

By Web TeamFirst Published Jul 20, 2022, 5:34 PM IST
Highlights

മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും തിട്ടൂരം അനുസരിച്ച് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്‍റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി

തിരുവനന്തപുരം: വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിൽ ഇ പി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും തിട്ടൂരം അനുസരിച്ച് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്‍റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി. പൊലീസ് രാഷ്ട്രീയം കളിച്ചതിന്‍റെ പേരിലാണ് കോണ്‍ഗ്രസിന് കോടതിയെ സമീപിക്കേണ്ടിവന്നത്. അക്രമികളുടെയും നിയമലംഘകരുടെയും സംരക്ഷകനായി മുഖ്യമന്ത്രി മാറി. ജനാധിപത്യത്തിന് തന്നെ അപമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ ഇടത് ഭരണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

'പിണറായി സർക്കാർ ഫാസിസത്തിന്റെ മറുപുറം', സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ

അധികാരത്തിന്റ തണലില്‍ എന്തുനെറികേടും ചെയ്യാനും എല്ലാത്തരം ക്രിമിനലുകളെയും സംരക്ഷിക്കാനും അവരാണ് തന്റെ രക്ഷകരെന്ന് സമര്‍ത്ഥിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തെരുവ് ഗുണ്ടയെപ്പോലെ പ്രവര്‍ത്തിച്ച രാഷ്ട്രീയ ക്രിമിനലിനു വേണ്ടി സഭയ്ക്കകത്തും പുറത്തും വാദിച്ച മുഖ്യമന്ത്രിക്ക് അഭ്യന്തര വകുപ്പിന്റെ കസേരയിലിരിക്കാനുള്ള യോഗ്യതയില്ല. അധികാര ദുര്‍വിനിയോഗം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടിയ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്തിലെ പ്രതിഷേധം: സ‍ർ‍ക്കാരിന് തിരിച്ചടി, ഇപിക്കെതിരെ കേസെടുക്കണമെന്ന് കോടതി

വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്നെല്ലാം ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് കേരളം കണ്ടതാണ്. രാഷ്ട്രീയ തിമിരം ബാധിച്ച  മുഖ്യമന്ത്രി ഇ പി ജയരാജന്റെ വിധ്വംസക പ്രവൃത്തിയെ അവസരോചിതമായി പ്രവര്‍ത്തിച്ച സംരക്ഷകനായിട്ടാണ് ചിത്രീകരിച്ചത്. എന്നാല്‍ കോടതിയുടെയും നിയമത്തിന്റെയും കണ്ണില്‍ ഇ പി ജയരാജന്‍ വധശ്രമത്തിന് തുനിഞ്ഞ വെറും പ്രതിമാത്രമാണ്. ഇതാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ ചൂണ്ടിക്കാട്ടിയതെന്നും സുധാകരൻ പറ‌ഞ്ഞു. എന്നാല്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിച്ചത്. നിയമ സംവിധാനങ്ങളെ ഇരുട്ടിന്റെ മറവില്‍ നിറുത്തി ഭരണം നടത്താനാണ് പിണറായി ശ്രമിച്ചത്. നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന് കോടതിയോടുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കൂലിപട്ടാളം എടുത്ത വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റം ചെയ്തത് ഇപി ജയരാജനും മുഖ്യമന്ത്രിയും പേഴ്‌സണല്‍ സ്റ്റാഫും ആണെന്ന് കോടതി വിധിയിലൂടെ വ്യക്തമായെന്നും സുധാകരന്‍ ചൂണ്ടികാട്ടി.

ക്രൂരമര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമകേസ് ഉള്‍പ്പെടെയെടുത്ത് പീഡിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമിച്ചെങ്കിലും അവരുടെ നിരപരാധിത്വം ബോധ്യപ്പെട്ടതു കൊണ്ടാണ് ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കിയത്. എന്നിട്ടും കലിയടങ്ങാത്ത സര്‍ക്കാര്‍ ഗൂഢാലോചന കുറ്റം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ നടത്തിയ നീക്കവും കഴിഞ്ഞ ദിവസം കോടതി ഇടപെടലിലൂടെ പൊളിഞ്ഞു. ഇ പി ജയരാജനാണ് വിമാനത്തിനകത്ത് കൂടുതല്‍ കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കാനുമാണ് സര്‍ക്കാര്‍ തുനിയുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.

'തിരിച്ചടിയല്ല, കോടതിയുടേത് സ്വാഭാവിക നടപടിയുടെ ഭാഗം മാത്രം': ഇപി ജയരാജൻ

അതേസമയം കേസെടുക്കാൻ നിർദ്ദേശം നൽകിയ കോടതി നടപടി തിരിച്ചടിയല്ലെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. മജിസ്ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. എനിക്ക് തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇപി ജയരാജൻ പ്രതികരിച്ചു. സുധാകരനും വിഡി സതീശനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് 'കുഞ്ഞ്' എന്ന് വിഡി സതീശൻ വിശേഷിപ്പിച്ചത്. അതെല്ലാം തെറ്റിനെ മറക്കാനുള്ള നടപടിയുടെ ഭാഗമാണ്. ഗൂഢാലോചനക്ക് വിഡി സതീശനും സുധാകരനുമെതിരെ ഡിവൈഎഫ്ഐ പരാതി നൽകും. ഒരു പരാതി കോടതിയിൽ വന്നു.  അതിനനുസരിച്ച് ഉത്തരവാദിത്തം കോടതി ചെയ്യുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. കോൺഗ്രസ് ഐവിഭാഗക്കാർ നിരാശരാണ്. അതിന്റെ ഭാഗമാണ് നടപടികളെന്നും ജയരാജൻ പരിഹസിച്ചു.

click me!