
വയനാട്: വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന തരത്തിൽ വ്യാജ വീഡിയോ നിർമ്മിച്ച സംഭവത്തിൽ അറസ്റ്റ്. ആലപ്പുഴ സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. വയനാട് സൈബർ സെൽ സി ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അഷ്‌കർ എന്ന് പൊലീസ് പറഞ്ഞു.
വയനാട്ടിൽ സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. ഇതൊരു എഐ വീഡിയോ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ ഒരു അപകടവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഒരു യുവതിയും കുഞ്ഞും സിപ് ലൈനിൽ കയറുന്നതും കയറിയ ഉടൻ തന്നെ സിപ് ലൈൻ തകർന്ന് ഇരുവരും താഴേക്ക് വീഴുന്നതും സിപ് ലൈൻ ഓപ്പറേറ്റർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്നതുമായ ദൃശ്യങ്ങളാണ് 'വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്നത്' എന്ന അടിക്കുറിപ്പോടെ പ്രചരിച്ചത്.
വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് വ്യാജ വീഡിയോ പ്രചരിച്ചത്. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ജില്ലയിലെ ടൂറിസം മേഖല വീണ്ടും ഉണർന്ന് വരുന്ന ഘട്ടത്തിലാണ് വ്യാജ പ്രചാരണം നടന്നത്. തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയിരിക്കുകയാണ്. എന്തിനാണ് ഇയാൾ ഇത്തരത്തിൽ വ്യാജ വീഡിയോ നിർമിച്ചതെന്ന് വ്യക്തമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam